കണ്ണൂര്‍: മഴയുടെ നനവും നൈർമല്യവും തേടി വിദ്യാർഥികൾ ചുരം ഇറങ്ങിയപ്പോൾ 'സേവി'ന്‍റെ മഴയാത്ര വ്യത്യസ്‌ത അനുഭവമായി. 'മഴ പുനർജനിയാണ്' എന്ന മുദ്രാവാക്യവുമായി വയനാട് വാളാംതോട് നിന്നും ആരംഭിച്ച മഴയാത്ര കുറ്റ്യാടി ചുരത്തിലൂടെ പൂതം പാറയിൽ സമാപിച്ചു.
വടകര, കോഴിക്കോട് വിദ്യാഭ്യാസ ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർഥികളും അധ്യാപകരും മഴയാത്രയില്‍ പങ്കെടുത്തു. ആറാം വർഷമാണ് സേവിന്‍റെ നേതൃത്വത്തില്‍ മഴയാത്ര നടത്തുന്നത്. വയനാട് പാലകൂട്ടംകുന്ന് ആദിവാസി കോളനിയിലെ ഊരു മൂപ്പൻ എ എം ശേഖരൻ മഴയാത്ര ഉദ്ഘാടനം ചെയ്തു. പ്രകൃതിയാണ് ദൈവം എന്നും പ്രകൃതി സംരക്ഷണ കാര്യത്തിൽ കുട്ടികൾ തന്നെ രക്ഷിതാക്കളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. വരുംവർഷങ്ങളിൽ ജൂലൈയിലെ രണ്ടാം ശനിയാഴ്ച സേവിന്റെ മഴയാത്ര ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ഇ കെ സുരേഷ് കുമാർ പ്രഖ്യാപിച്ചു.