മാഹി: ഈ കൊറോണ കാലത്തും ജനാധിപത്യ സംവിധാനത്തിന് കോട്ടം തട്ടാതിരിക്കാൻ കേരളമുൾപ്പടെ രാജ്യത്തെമ്പാടും തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ, കഴിഞ്ഞ 14 വർഷമായി മാഹി ഉൾപ്പെട്ട പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട്. ബാലിശമായ കാരണങ്ങൾ പറഞ്ഞ് തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോവുകയാണ്.
മൂന്നര പതിറ്റാണ്ടുകാലം തെരഞ്ഞെടുപ്പ് നടത്താതിരുന്നിട്ട് ഒടുവിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 2006ലാണ് ഏറ്റവുമൊടുവിൽ മയ്യഴി നഗരസഭയിലേക്കടക്കം തെരഞ്ഞെടുപ്പ് നടന്നത്. ഇപ്പോൾ മാഹി നഗരസഭയുടെ നിയന്ത്രണം റെസിഡന്‍റൽ കമ്മിഷണർക്കാണ്.
ഇവിടെത്തെ രാഷ്‌ട്രീയ പാർട്ടികൾക്കും ഇതൊന്നുമൊരു പ്രശ്നമല്ലെന്ന മട്ടാണ്. കൊച്ചു സംസ്ഥാനത്ത് അധികാര വികേന്ദ്രീകരണത്തിന് മാറിമാറി വരുന്ന ഭരണകക്ഷികൾക്കും താൽപര്യമില്ലത്രെ. ഫ്രഞ്ച് വാഴ്ചക്കാലത്തു തന്നെ മാഹിയിൽ ഒരു നഗരസഭ രൂപപ്പെട്ടിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരസഭയാണിത്. മൂന്ന് അസംബ്ലി മണ്ഡലം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ അപൂർവം നഗരസഭകളിലൊന്നായിരുന്നു ഇത്. പിന്നീടത് രണ്ടും, ഇപ്പോൾ ഒരു അസംബ്ലി മണ്ഡലവുമായി. അധികാര വികേന്ദ്രീകരണവും, ജനാധിപത്യാവകാശങ്ങളും ഏറെ ചർച്ച ചെയ്യപ്പെടുകയും, പ്രാവർത്തികമാക്കപ്പെടുകയും ചെയ്യുന്ന ആധുനിക കാലത്തെ മയ്യഴിക്കാർക്ക് ഇതൊക്കെ വെറും സ്വപ്നം മാത്രം.
തൊട്ടപ്പുറം കേരളക്കരയിൽ ജനകീയാസൂത്രണവും മറ്റും വിപ്ലവകരമായ മാറ്റങ്ങൾക്ക് നിദാനമാകുമ്പോൾ കോടികളുടെ വരുമാനമുണ്ടായിട്ടും മയ്യഴി നഗരസഭയ്ക്ക് ജനകീയ പങ്കാളിത്തമില്ലാതെ പോയതും, ആസൂത്രണ വൈകല്യമനുഭവപ്പെടുന്നതും നാടിന്റെ വികസനത്തെ പുറകോട്ടടിപ്പിക്കുകയാണ്. പുറമെ നിന്ന് നോക്കുമ്പോൾ വശ്യസുന്ദരവും, സമ്പന്നവുമായ ഈ കൊച്ചു ഭൂപ്രദേശം, ആസൂത്രണത്തിന്‍റെ വൈകല്യങ്ങളാൽ വികസനത്തിന്‍റെ പന്ഥാവിൽ നിന്നും പുറന്തള്ളപ്പെടുകയാണ്. ഒമ്പത് ചതുരശ്ര കിലോമീറ്ററിൽ ഒതുങ്ങുന്ന ഈ പ്രദേശത്ത് 40,000 ജനങ്ങളാണ് അധിവസിക്കുന്നത്.1968ൽ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം 2006ലാണ് കോടതി വിധിയെത്തുടർന്ന് തെരഞ്ഞെടുപ്പ് നടന്നത്. ഉദ്യോഗസ്ഥ ഭരണത്തിന്‍റെ കടുത്ത അവഗണനയുടെയും, ബ്യൂറോക്രസിയുടെ ആധിപത്യവും ഈ കൊച്ചു നാടിന്റെ കഴുത്തിൽ വരിഞ്ഞുമുറുക്കുകയാണ്. എന്നാൽ തദേശ തെരഞ്ഞെടുപ്പ് നടക്കാത്തതിനെ കുറിച്ച് പ്രതികരിക്കാൻ ഇവർ തയാറുമല്ല.
കേരളത്തിൽ പഞ്ചായത്ത്, മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൃത്യമായി നടത്തുകയും, വികസനപ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളും, ഗ്രാമസഭയും നേതൃത്വം നൽകുകയും ചെയ്യുന്നതിനാൽ ഉദ്യോഗസ്ഥർ, ഉത്തരവാദിത്വബോധത്തോടെ ജോലി ചെയ്യാൻ തയ്യാറാവുന്നു. മാഹിയിൽ വർഷങ്ങളായി എല്ലാം യന്ത്രികമായാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ദീർഘമായ ഒരു കാലഘട്ടം വികസന പാതയിൽ നിന്നും വേർപെട്ട് ചലിക്കാൻ കാരണമായി. തങ്ങളിൽ നിക്ഷിപ്തമായ കേന്ദ്രീകൃത അധികാരം നഷ്ടമായേക്കുമോ എന്ന ഭയം മൂലം പോണ്ടിച്ചേരിയിലേയും, മാഹിയിലേയും അധികാരം കൈയ്യാളുന്നവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് താൽപര്യവുമില്ല. ഇത്രയും കാലമായി തെരഞ്ഞെടുപ്പ് നടക്കാത്ത ഇന്ത്യയിലെ തന്നെ ഏക സംസ്ഥാനമായി പുതുച്ചേരി മാറിക്കൊണ്ടിരിക്കുകയാണ്.