കണ്ണൂർ: ജില്ലയിലെ മാടായി പഞ്ചായത്തിലെ പുതിയങ്ങാടി പുതിയ ബസ് സ്റ്റാൻഡിന്‍റെ പണി പൂർത്തീകരിച്ചിട്ടും നാട്ടുകാർക്ക് തുറന്നുകൊടുത്തിട്ടില്ല. 2005-ലാണ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി ബസ് സ്റ്റാൻഡിനായി സ്ഥലം അനുവദിച്ചത്. ബസ് സ്റ്റാൻഡ് നിർമാണത്തിനായി പഞ്ചായത്ത് ചെലവാക്കിയ തുകയ്‌ക്ക് കയ്യും കണക്കുമില്ല.
ആർടിഒ അനുമതി കൊടുക്കാത്തതാണ് ബസ് സ്റ്റാൻഡ് തുറക്കാൻ കഴിയാത്തതിലെ പ്രധാന കാരണം. ബസ് സ്റ്റാൻഡിലേക്കുള്ള കയറ്റിറക്കത്തിനുള്ള റോഡിന്‍റെ വീതി കുറവായതിനാലാണ് അനുമതി കിട്ടാത്തത്. വീതി കൂട്ടി റോഡ് നവീകരിക്കാൻ ഫിഷറീസ് സ്ഥലം വിട്ടുനൽകേണ്ടതുണ്ട്. എന്നാൽ അതും നടന്നില്ല.
ഇന്ന് മത്സ്യബന്ധന ലോറികൾ പാർക്ക് ചെയ്യാനുള്ള ഇടമായി മാറി സർക്കാരിന്‍റെ ഈ വികസന പദ്ധതി. ബസ് സ്റ്റാൻഡ് സ്ഥലം പഞ്ചായത്ത് കെട്ടിടത്തിനായി ഉപയോഗപ്പെടുത്തിയാലോ എന്നും ഭരണസമിതി ആലോചിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന മത്സ്യബന്ധന ഹാർബർ മേഖല കൂടിയാണ് പുതിയങ്ങാടി. മൂന്ന് റോഡുകൾ മുട്ടുന്നിടത്ത് കണ്ണൂരിൽ നിന്നും പഴയങ്ങാടിയിൽ നിന്നുമുള്ള ബസുകൾ നിർത്തി ആളെ എടുത്തു പോകുമ്പോൾ പുതിയങ്ങാടിയിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.