കണ്ണൂർ: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അക്രമ സംഭവങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള ബൂത്തുകളുടെ പട്ടിക തയ്യാറാക്കി കർശന സുരക്ഷ നൽകാൻ തയ്യാറെടുപ്പുകൾ നടത്തി പൊലീസ്. പ്രശ്നബാധിത ബൂത്തുകളുടെ അന്തിമ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഓരോ രാഷ്ട്രീയ കക്ഷികൾക്കും മേധാവിത്വമുള്ള പ്രദേശങ്ങളിലെ ബൂത്തുകൾ, മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകൾ എന്നിവ തരം തിരിച്ചാണ് സുരക്ഷയുടെ കാര്യത്തിൽ അന്തിമ കണക്ക് തയ്യാറാക്കുന്നത്.
ഇതിൻ്റെ ഭാഗമായി ഉന്നത പൊലീസ് സംഘം പോളിങ് ബൂത്തുകള്‍ സന്ദര്‍ശിച്ചിരുന്നു. കണ്ണൂര്‍ നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവിൻ്റെ നേതൃത്വത്തിലാണ് സംഘം ജില്ലയിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചത്. കൂത്തുപറമ്പ, കണ്ണവം, പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പോളിങ് ബൂത്തുകളാണ് ഉന്നത പൊലീസ് സംഘം സന്ദര്‍ശിച്ചത്.
കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍ ഐപിഎസ്, ജില്ല പൊലീസ് മേധാവി ശ്രീ യതീഷ് ചന്ദ്ര ഐപിഎസ്, തലശ്ശേരി ഡിവൈഎസ്പി ശ്രീ മൂസാ വള്ളിക്കാടന്‍, ഇരിട്ടി ഡിവൈഎസ്പി ശ്രീ സജേഷ് വാഴാളപ്പില്‍ സ്ഥലം എസ്എച്ച്ഒമാര്‍ തുടങ്ങിയവരും ഉന്നത പൊലീസ് സംഘത്തെ അനുഗമിച്ചു.