കണ്ണൂര്‍: കേരളാ അതിര്‍ത്തിയില്‍ ബാരാപുഴ തീരത്ത് താമസിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കാന്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. കര്‍ണാടകത്തിലെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തോട് ചേര്‍ന്ന കേരളത്തിലെ ഏഴ് കുടുംബങ്ങളുടെ പതിനഞ്ച് ഏക്കറോളം കൃഷിസ്ഥലം കൈവശപ്പെടുത്താനുള്ള കര്‍ണാടക വനം വകുപ്പിന്‍റെ നീക്കത്തെയാണ് ജനപ്രതിനിധികളടങ്ങിയ ജനകീയ സമിതി പ്രതിരോധം തീര്‍ത്ത് മടക്കിയത്.
കണ്ണൂര്‍ ജില്ലയിലെ കേരളത്തിന്‍റെ സ്വന്തമായ ഭൂമിയാണ് കഴിഞ്ഞ ദിവസം കര്‍ണാടക വനം വകുപ്പുകാര്‍ കടന്ന് കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. അയ്യംകുന്ന് പഞ്ചായത്തിലെ പാലത്തൂംകടവ് വാര്‍ഡിലാണ് കര്‍ണാടക വനംവകുപ്പിന്‍റെ കടന്നുകയറ്റം. വീട് നവീകരണത്തിനായി പഞ്ചായത്ത് നല്‍കിയ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിയും വനംവകുപ്പ് തടസപ്പെടുത്തിയിരുന്നു.
കേരളത്തിന്‍റെ റവന്യൂ ഭൂമിയിലാണ് കര്‍ണാടകയുടെ ഭൂഷണി മൂലം ജനജീവിതം ദുസ്സഹമായത്. കര്‍ഷകനായ നടുവിലെ കിഴക്കയില്‍ വിശ്വനാഥന്‍റെ അമ്പത് മരച്ചീനി ചുവടുകള്‍ പറിച്ചെറിഞ്ഞാണ് കര്‍ണാടക വനംവകുപ്പുകാര്‍ പ്രശ്‌നത്തിന് തുടക്കമിട്ടത്. വിശ്വനാഥന്‍റെ വീട് വാസയോഗ്യമാക്കാന്‍ പഞ്ചായത്ത് അനുവദിച്ച തുക കൊണ്ട് നവീകരിക്കുന്നതും കര്‍ണാടക വനം വകുപ്പുകാര്‍ തടയുകയായിരുന്നു.
1958 മുതല്‍ താമസിച്ചു വരുന്ന കുടുംബങ്ങളോടാണ് കര്‍ണാടക വനം വകുപ്പുകാര്‍ യാതൊരു നീതിയുമില്ലാതെ പെരുമാറുന്നത്. ആധാരവും പട്ടയവുമുള്ള ഭൂവുടമകളെ വിലക്കിയാണ് കര്‍ണാടക വനംവകുപ്പുകാര്‍ കേരളത്തിന്‍റെ സ്വന്തം സ്ഥലത്ത് കൈയ്യേറ്റം നടത്തുന്നത്. മാക്കൂട്ടം ഫോറസ്റ്റ് ഓഫീസില്‍ നിന്നെത്തിയ മുപ്പതോളം വനംവകുപ്പുകാര്‍ ജനകീയ സമിതിയെ തടയാന്‍ ശ്രമിക്കുകയും പ്രതിരോധം ശക്തമായതോടെ മടങ്ങിപ്പോവുകയുമായിരുന്നു.
കേരളത്തിന്‍റെ സ്ഥലത്ത് കൃഷി നശിപ്പിക്കുന്നതിനും പുഴയില്‍ മത്സ്യബന്ധനത്തിനെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതിനും വനംവകുപ്പുകാരോട് ചോദ്യം ചെയ്‌തു. കര്‍ഷകരുടെ ഭൂമി സംബന്ധിച്ച തര്‍ക്കം ഡിഎഫ്ഒയുമായി പഞ്ചായത്ത് പ്രസിഡണ്ട് ചര്‍ച്ച നടത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് കുര്യച്ചന്‍ പൈമ്പള്ളി കുന്നേല്‍, വൈസ് പ്രസിഡണ്ട് ബീന റോജസ്, അംഗങ്ങളായ സീമ മനോജ്, ബിജോയ് പ്ലാത്തോട്ടം, ഐസക് ജോസഫ് മുണ്ടപ്ലാക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികള്‍ ആരംഭിച്ചത്.
കേരളത്തിന്‍റെ ഭൂമിയിലുള്ള കര്‍ണാടകത്തിന്‍റെ കടന്നുകയറ്റം ചെറുക്കാന്‍ പഞ്ചായത്തിലെ സര്‍വ്വകക്ഷികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ണാടക വനംവകുപ്പിന്‍റെ ഭീഷണിയില്‍ നാല് കുടുംബങ്ങള്‍ ഒഴിഞ്ഞു പോകേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 65 വര്‍ഷമായി കൃഷി നടത്തിയും സ്വന്തം ഭൂമിക്ക് നികുതി അടച്ചും താമസിച്ചു വരികയും ചെയ്യുന്ന കര്‍ഷകരെ കേരള സര്‍ക്കാര്‍ അടിയന്തിരമായും സംരക്ഷിച്ച് നിര്‍ത്തേണ്ടതുണ്ട്.
സര്‍ക്കാര്‍ ശക്തമായി ഇടപെടാത്തതാണ് ഇപ്പോഴുളള പ്രശ്‌നങ്ങള്‍ക്ക് കാരണം. കശുമാവ്, തെങ്ങ്, കുരുമുളക്, കമുങ്ങ് എന്നിവ കൃഷി ചെയ്‌ത സ്ഥലത്തെ പരിപാലനത്തിനും കര്‍ണാടക വനംവകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്. അയ്യംകുന്ന് പഞ്ചായത്ത് അനുവദിച്ച് കരനെല്‍കൃഷിയും നശിപ്പിക്കപ്പെടുകയാണ്.
കേരളത്തിന്‍റെ സ്വന്തം മണ്ണായതിനാല്‍ കര്‍ണാടകക്കാര്‍ നശിപ്പിച്ച കൃഷിസ്ഥലത്ത് കാട് വെട്ടിയും മരച്ചീനി നട്ടുമാണ് സര്‍വ്വകക്ഷി സംഘം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. സ്വന്തം ഭൂമി സംരക്ഷിക്കാന്‍ സമാധാനപരമായ പ്രതിരോധമാണ് സര്‍വ്വകക്ഷി സംഘം തീരുമാനിച്ചിട്ടുള്ളത്. കര്‍ണാടകത്തിന്‍റെ ഭീഷണിയില്‍ പ്രകോപിതരാകരുതെന്നും സ്വന്തം ഭൂമി സംരക്ഷിക്കാന്‍ സര്‍വ്വകക്ഷികളും ഒപ്പമുണ്ടാകുമെന്നും കര്‍ഷകരെ ഉത്‌ബോധിപ്പിച്ചിട്ടുണ്ട്.
Also read: ഉദ്യോഗസ്ഥരുടെ ഒത്തുകളിയെന്ന്; മന്നാംകണ്ടത്ത് കുടിയൊഴിപ്പിച്ച 5 കുടുംബങ്ങള്‍ പെരുവഴിയില്‍