കണ്ണൂർ: വാളയാർ കേസിൽ വിധി പറഞ്ഞ കോടതിക്ക് ജാഗ്രത കുറവുണ്ടായെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ പി. സുരേഷ്. പോക്സോ കേസുകളെ ഇത്ര ലാഘവത്തോടെ കാണുന്നത് ഗുരുതരമായ തെറ്റാണ്. കുറ്റകൃത്യവുമായി പ്രതികളെ ബന്ധപ്പെടുത്തുന്നതിൽ പ്രോസിക്യൂഷനും പരാജയപ്പെട്ടു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാനോ പ്രതിഭാഗം അഭിഭാഷകൻ ഉയർത്തിയ വാദങ്ങളെ ഖണ്ഡിക്കാനോ പ്രോസിക്യൂട്ടർ തയ്യാറായില്ല.
അന്വേഷണ ഉദ്യോഗസ്ഥന്റെ താളത്തിനൊത്ത് തുള്ളുകയല്ല പ്രോസിക്യൂട്ടർ ചെയ്യേണ്ടിയിരുന്നത്. പൊലീസിനും സാക്ഷിയായ ഡോക്ടർക്കും കേസിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. പൊതുസമൂഹവും ഇത്തരം കേസുകളിൽ ജാഗ്രത കാണിക്കണം. കേസിൽ തുടരന്വേഷണവും പുനർവിചാരണയും നടത്താൻ ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും പി. സുരേഷ് പറഞ്ഞു.