തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സുപ്രിം കോടതി റദ്ദ് ചെയ്‌തതിന് പിന്നാലെ വിസിയെ താത്കാലികമായി നിയമിച്ച് ഗവര്‍ണര്‍ (Temporary charge of Kannur VC). കുസാറ്റ് മറൈന്‍ ബയോളജി പ്രൊഫസര്‍ ബിജോയ് നന്ദനാണ് പുതിയ ചുമതല (Professor Bijoy Nandan in charge of Kannur VC). 29 വര്‍ഷമായി അധ്യാപന രംഗത്തുള്ള ബിജോയ് കുസാറ്റ് സര്‍വകലാശാല സെനറ്റ് സിന്‍ഡിക്കേറ്റ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്നലെയാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കിയത്. ഡോ. ഗോപിനാഥ് രവീന്ദ്രനെ 2021 നവംബറില്‍ പുനര്‍ നിയമിച്ച് കൊണ്ടുള്ള ഉത്തരവാണ് കോടതി റദ്ദ് ചെയ്‌തത്. കേരള സര്‍ക്കാരിന്‍റേത് ചട്ട വിരുദ്ധ ഇടപെടലാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ബാഹ്യ ശക്തികള്‍ക്ക് വഴങ്ങി. ചാന്‍സലറില്‍ നിക്ഷിപ്‌തമായ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ നിറവേറ്റാന്‍ കേരള ഗവര്‍ണര്‍ തയാറായില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കേരള മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ് പുനര്‍ നിയമനം നല്‍കാന്‍ മുന്‍കൈയെടുത്തതെന്ന് രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് മുഖവിലക്കെടുത്താണ് സുപ്രീം കോടതി പുനർ നിയമനം റദ്ദ് ചെയ്‌തത്.
ചാന്‍സലറാണ് ഉത്തരവ് പുറപ്പെടുവിച്ചത് എങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ അനാവശ്യ ഇടപെടൽ ഉണ്ടായി എന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദി വാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നിയമനം റദ്ദ് ചെയ്‌തത്.
അതേസമയം, നിയമനത്തില്‍ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ തനിക്ക് വഴങ്ങേണ്ടി വന്നതാണെന്നായിരുന്നു വിധി വന്നതിന് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് (Governor Arif Mohammed Khan about SC Judgement On Kannur VC Appointment). മുഖ്യമന്ത്രിയില്‍ നിന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും സമ്മര്‍ദ്ദം നേരിട്ടിരുന്നു. അഡ്വക്കേറ്റ് ജനറലിനെയും മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയെയും രാജ്ഭവനിലേക്ക് അയച്ചു. ശക്തമായ സമ്മര്‍ദ്ദത്തില്‍ തനിക്ക് ഗവര്‍ണറുടെ ചുമതല നിര്‍വഹിക്കുന്നതിന് തടസം നേരിട്ടു.
എജിയുടെ നിയമോപദേശം ഉണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിച്ചു. സെര്‍ച്ച് കമ്മിറ്റിയില്‍ ഭൂരിപക്ഷം അംഗങ്ങളും സര്‍ക്കാരിന്‍റെ പ്രതിനിധികളായിരുന്നുവെന്നും ഗവർണ പറഞ്ഞു. ഓരോ യൂണിവേഴ്‌സിറ്റികളില്‍ ഓരോ ചാന്‍സലര്‍മാരെ നിയമിക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിടേണ്ടി വരുന്നു. അതിനാല്‍ ഈ ബില്ലുകളെല്ലാം മണി ബില്ലുകളാണ്. അത് നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ഗവര്‍ണറുടെ അനുമതി വാങ്ങിയിരിക്കണം.
എന്നാൽ, ഇവിടെ അതുണ്ടായില്ല. ഇക്കാര്യം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും രണ്ട് വര്‍ഷമായി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നാരും എത്തിയില്ലെന്നും അതുകൊണ്ടാണ് തീരുമാനമെടുക്കാത്തതെന്നും ഗവർണർ അറിയിച്ചിരുന്നു.