കണ്ണൂർ : സർവകലാശാല നിയമന വിവാദത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യാതൊരു വികസനവും കേരളത്തിൽ നടക്കരുതെന്ന് ആഗ്രഹിക്കുന്നവർക്ക് സഹായകരമാകുന്ന നിലപാടുകളാണ് ഗവർണറുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് നല്ല സമീപനമല്ല.
തെറ്റായി എന്തെങ്കിലും ചെയ്യണമെന്ന് ഗവർണറോട് പറഞ്ഞിട്ടില്ല. ചാൻസലർ സ്ഥാനത്ത് അദ്ദേഹം തന്നെ തുടരണമെന്നാണ് സർക്കാരിന്‍റെ ആഗ്രഹം. സർക്കാരിന് മറിച്ചൊരു ആഗ്രഹവുമില്ല. സർക്കാരിന്‍റെ തുറന്ന മനസ് അദ്ദേഹം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ എടുത്തിരിക്കുന്ന നിലപാടിൽ നിന്നും അദ്ദേഹം പിന്മാറുമെന്നാണ് കരുതുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖല എല്ലാം തികഞ്ഞതാണെന്ന അഭിപ്രായം സർക്കാരിനില്ല. ദൗർബല്യങ്ങൾ പരിഹരിക്കും. ചാൻസലറുടെ അധികാര പരിധിയിൽ ഇടപെടാൻ സർക്കാരിന് ആഗ്രഹമില്ല. ഗവർണറുമായി ഏറ്റുമുട്ടുക എന്ന നയവുമില്ല. അദ്ദേഹവുമായി വീണ്ടും ചർച്ച ചെയ്യും. ഇക്കാര്യത്തിൽ ഒരു പിടിവാശിയും സർക്കാറിനില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: സപ്ലൈകോ വര്‍ധിപ്പിച്ച ഉത്പന്നവില സര്‍ക്കാര്‍ ഇടപെട്ട് കുറച്ചെന്ന് ജി ആര്‍ അനില്‍
നിയമസഭ നൽകിയ ചാൻസലർ പദവിയിൽ ഇരുന്നുകൊണ്ട് അദ്ദേഹം ഉന്നത വിദ്യാഭ്യാസ ഉയർച്ചക്ക് നേതൃത്വം നല്‍കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. പൊതു വിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക് മികവ് മെച്ചപ്പെടുത്താനും പശ്ചാത്തല സൗകര്യം വർധിപ്പിക്കാനുമാണ് കഴിഞ്ഞ സർക്കാർ ശ്രമിച്ചത്.
ഇനി ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാഷ്ട്രീയ കാര്യങ്ങൾക്ക് ഗവർണറെ ഉപയോഗപ്പെടുത്തേണ്ട സ്ഥിതി ഞങ്ങൾക്കില്ല. സർവകലാശാല നിയമനങ്ങൾ സുതാര്യമാണ്. അക്കാദമിക് നിലവാരമുള്ളവരെയാണ് സർവകലാശാല വൈസ് ചാൻസലർമാരായി നിയമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.