കണ്ണൂർ: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പൂർണ ഗർഭിണിയുടെ പ്രസവം കൊവിഡ് വാർഡിൽ തന്നെ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കണ്ണൂർ പരിയാരത്തെ സർക്കാർ മെഡിക്കൽ കോളജിലാണ് പ്രസവ വാർഡ് ഒരുങ്ങിയത്. അതീവ സുരക്ഷയിലാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രത്യേകം തയാറാക്കിയ ഐസിയുവിൽ സുരക്ഷ വസ്ത്രങ്ങൾ ധരിച്ചാകും ഡോക്‌ടർ പ്രസവ ശുശ്രൂഷ നടത്തുക.
അതേസമയം കൊവിഡ് ബാധിച്ച ഒരു ഗർഭിണി കൂടി അസുഖം ഭേദമായി ആശുപത്രി വിട്ടു. കണിക്കൊന്നയും പലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകിയാണ് ഗർഭിണിയായ അമ്മയെയും നാലുവയസുകാരനെയും അമ്മൂമ്മയെയും ആശുപത്രി അധികൃതർ യാത്രയാക്കിയത്. യുവതിയുടെ ഭർത്താവ് ദുബായിൽ നിന്നെത്തിയിരുന്നു. കാസർകോട് സ്വദേശിയായ ഇയാളിൽ നിന്നാണ് ഇയാളുടെ ഭാര്യയ്ക്കും അമ്മയ്ക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചത്.
കൊവിഡ് ബാധിച്ച രണ്ടാമത്തെ ഗർഭിണിയാണ് പരിയാരം മെഡിക്കൽ കോളജിൽ നിന്നും അസുഖം ഭേദമായി മടങ്ങുന്നത്. അതിനിടെ ഒരു വീട്ടിലെ എട്ട് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച ചെറുവാഞ്ചേരിയും സമീപ പ്രദേശങ്ങളും അതീവ ജാഗ്രതയിലാണ്. ഈ മാസം അഞ്ചാം തിയ്യതി 81കാരന് രോഗ ബാധ പിടിപെട്ടതിന് പിന്നാലെ ഷാർജയിൽ നിന്നെത്തിയ 11കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നാലെ മൂന്ന് സ്ത്രീകളടക്കം ആറ് പേർക്കു കൂടി വൈറസ് ബാധ പിടിപെട്ടു. ഫലം പോസറ്റീവായ എല്ലാവരും ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.