കണ്ണൂര്‍: കതിർക്കൂടുകൾ നിർമിച്ച് വരുമാനം കണ്ടെത്തുകയാണ് പരിയാരം മുക്കുന്ന് സ്വദേശി പി.കെ. പ്രകാശൻ. നെൽകതിരുകൾ അടുക്കിവെച്ച് നിർമിക്കുന്ന കതിർക്കൂടുകൾ പഴയകാല തറവാടുകളിൽ സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ അലങ്കാര വസ്തുവായാണ് കതിർക്കൂട് വീടുകളിൽ ഇപ്പോൾ ഇടംപിടിക്കുന്നത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയപ്പോഴാണ് കതിർക്കൂടുകൾ പ്രകാശന്‍റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ നിര്‍മാണത്തെ കുറിച്ച് പഠിച്ചു. പെയിന്‍റിങ് ജോലിക്കാരനായ പ്രകാശന്‍റെ ഒരു താൽക്കാലിക വരുമാന മാർഗമായി കതിർക്കൂട് നിർമാണത്തെ മാറ്റുകയായിരുന്നു. കൊയ്തെടുത്ത ഉമ നെല്ലാണ് ഇപ്പോൾ നിർമാണത്തിന് ഉപയോഗിക്കുന്നത്.
കൂടുതല്‍ വായനക്ക്: മഹാത്മാഗാന്ധിയുടെ വലിപ്പത്തില്‍ ഗാന്ധികണ്ണട നിര്‍മ്മിച്ച് ഒഡീഷ കലാകാരന്‍
നിര്‍മാണം ഏറെ പ്രയാസമുള്ളതാണെന്ന് പ്രകാശന്‍ പറയുന്നു. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വേണം ഒരു കതിർക്കൂട് നിർമിക്കാൻ. നെല്ലിന്‍റെ അളവ് കണക്കാക്കിയാണ് ഇതിന്‍റെ വലുപ്പം തീരുമാനിക്കുന്നത്. ഗൃഹപ്രവേശനത്തിനും മറ്റും സമ്മാനമായി കതിർക്കൂട് നൽകുന്ന സമ്പ്രദായവും വന്നതോടെ ജില്ലയ്ക്ക് അകത്തും പുറത്തും നിന്ന് നിരവധി പേര്‍ കതിർക്കൂടിനായി പ്രകാശനെ സമീപിക്കുന്നുണ്ട്.