കണ്ണൂർ: തളിപ്പറമ്പ് ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിൽ വൈദ്യുതി നിലച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കെഎസ്ഇബി അധികൃതർ. നഗരസഭ ബിൽ അടക്കാത്തതിനാലാണ് വൈദ്യുതി വിഛേദിച്ചതെന്നാണ് കെഎസ്ഇബി അധികൃതരുടെ മറുപടി. നഗരസഭ ചെയർപേഴ്സനെ വിവരം അറിയിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പൊലീസുകാർക്കും ജനങ്ങൾക്കുമിടയിൽ രോഷം ശക്തമാകുകയാണ്.
തളിപ്പറമ്പ് നഗരസഭാ ബസ് സ്റ്റാൻഡിലാണ് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്. രാവിലെ മുതൽ കനത്ത ചൂടിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് എയ്ഡ് പോസ്റ്റിൽ വൈദ്യുതി ഇല്ലാത്തതിനാൽ ഫാനോ ലൈറ്റോ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. എത്രയും പെട്ടെന്ന് വൈദ്യുതി പുനസ്ഥാപിച്ച് പൊലീസുകാരുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം.