കണ്ണൂര്‍: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയ പകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കുടുംബത്തിന്‍റെ ആരോപണം പരിശോധിക്കുമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. ആക്രമണത്തിലുള്‍പ്പെട്ട 11 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 14 സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്തു. കൊലപാതകം നടന്ന സ്ഥലം ഫൊറൻസിക്ക് വിദഗ്ധർ പരിശോധിച്ചു.
വോട്ടെടുപ്പിന് പിന്നാലെ പാനൂരിലുണ്ടായ സിപിഎം -ലീഗ് സംഘർഷത്തിലാണ് ലീഗ് പ്രവർത്തകൻ പുല്ലൂക്കരയിലെ പാറാൽ മൻസൂർ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ സഹോദരൻ മുഹ്സിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകൻ ഷിനോസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് വീട്ടിൽ അതിക്രമിച്ചുകയറിയ ഒരു സംഘം ഇരുവരെയും വെട്ടുകയായിരുന്നു.
മൻസൂറിനെ ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ രാത്രി ഒരു മണിയോടെ മരണം സംഭവിച്ചു.