കണ്ണൂർ: പഴനിയിൽ തീർഥാടനത്തിന് പോയ തലശേരി സ്വദേശിനിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ പരിയാരം മെഡിക്കൽ കോളജിലെത്തി ചികിത്സയിലുള്ള ഇവരുടെ മൊഴി രേഖപ്പെടുത്തി.
ജൂൺ 19 നാണ് സംഭവം നടന്നതെന്നാണ് പരാതി. പാലക്കാട് നിന്ന് ട്രെയിനിൽ പഴനിയിലേക്ക് പോയ ദമ്പതികൾ ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ 3 പേർ അടങ്ങുന്ന അജ്ഞാതസംഘം സ്ത്രീയെ തട്ടിക്കൊണ്ടു പോയി ലോഡ്ജിൽ എത്തിച്ച് ക്രൂരമായി പീഡനത്തിനിരയാക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ അടക്കം പരിക്കേൽപ്പിച്ചുവെന്നും ഇവരുടെ ഭർത്താവിനെ അടക്കം മർദിച്ചതായും പറയുന്നുണ്ട്.
ALSO READ: നഴ്‌സിനെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ പിരിച്ചുവിട്ടു
അവിടെ നിന്നും രക്ഷപ്പെട്ട ഇവർ പഴനി പൊലീസ് സ്റ്റേഷനിൽ എത്തി സഹായം അഭ്യർഥിച്ചെങ്കിലും അവർ സഹായിച്ചില്ലെന്നും പരാതിയിൽ പറയുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇവർ കൂടുതൽ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതോടെ തലശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്നാണ് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
സംഭവത്തിൽ ഡി.ജി.പിക്ക് പരാതി ലഭിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് തമിഴ്‌നാട് പൊലീസിന് കൈമാറും.