കണ്ണൂർ : സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയെയും സുഹൃത്ത് ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി അറസ്‌റ്റ് ചെയ്‌ത് മുഴക്കുന്ന് പൊലീസ്. പ്രകോപനപരമായ പ്രസംഗം, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ജില്ല കലക്‌ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് അറസ്‌റ്റ്. പൊലീസ് മേധാവിയുടെ ശുപാർശ പ്രകാരമായിരുന്നു കലക്‌ടറുടെ ഉത്തരവ്.
ഇരുവരെയും ആറുമാസത്തെ കരുതല്‍ തടങ്കലിലാക്കും. ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയാണ് ആകാശ്. മറ്റ് കേസുകളിൽ അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് കേസിൽ ആകാശിന് ജാമ്യം അനുവദിച്ചിരുന്നത്. ഫേസ്ബുക്ക് പോസ്‌റ്റുകള്‍ വിവാദമായതോടെയാണ് വീണ്ടും ആകാശ് വാർത്തകളിൽ നിറഞ്ഞത്.
ഡിവൈഎഫ്ഐ വനിത നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാവുകയും ചെയ്‌തു. കഴിഞ്ഞ ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാകണമെന്ന് കോടതി ആകാശിന് നിർദേശം നൽകിയിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. വ്യവസ്ഥകൾ ലംഘിച്ചെന്ന് കാട്ടി ആകാശിന്‍റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ചൊവ്വാഴ്‌ച കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്‌റ്റ്.