കണ്ണൂർ: പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ പൊറുതി മുട്ടി കണ്ണൂർ നഗരവും അനുബന്ധ പ്രദേശങ്ങളും. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ സംഭരിക്കാനോ സംസ്കരിക്കാനോ കോർപ്പറേഷനിൽ സംവിധാനമില്ല. മഴക്കാലമായതോടെ നഗരം ചീഞ്ഞുനാറുകയാണ്. പ്ലാസ്റ്റിക്ക് രഹിത ജില്ലയാക്കാൻ ഫോർ എവർ ഗ്രീൻ പദ്ധതിയുമായി ജില്ലാ ഭരണകൂടം രംഗത്തിറങ്ങിയിട്ടും വിജയം കണ്ടില്ല. പ്ലാസ്റ്റിക്ക് മാത്രം ശേഖരിക്കാൻ വാങ്ങിയ വാഹനങ്ങൾ കോർപ്പറേഷൻ അങ്കണത്തില്‍ പൂർണ വിശ്രമത്തിലാണ്.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി, കുടുംബശ്രീ അധികൃതർ തുടങ്ങിയവരോട് വിഷയം അവതരിപ്പിച്ചെങ്കിലും അധികൃതരും കൈമലർത്തുകയാണ്. കോർപ്പറേഷൻ അധീനതയിലുള്ള ചേലോറയിലെ മാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തനരഹിതമായതാണ് മാലിന്യം കുന്നുകൂടാൻ കാരണമെന്നാണ് അധികൃതരുടെ വാദം.