കണ്ണൂർ: കാഞ്ഞങ്ങാട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം അസൂത്രിത കൊലപാതകമാണെന്ന് ഔഫ് അബ്‌ദു റഹ്മാൻ്റെ ബന്ധു ഹുസൈൻ മുസലിയാർ. കൊല്ലപ്പെട്ട ഔഫ് അബ്‌ദു റഹ്മാൻ സുന്നി പ്രവർത്തകനാണ് എന്നതും തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിൻ്റെ കോട്ടയായ 35-ാം വാർഡ് എൽ.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്‌തതിന്‍റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും ഹുസൈൻ മുസലിയാർ പറഞ്ഞു.
കൊല്ലപ്പെട്ട അബ്‌ദു റഹ്മാൻ എസ്.വൈ.എസിൻ്റെ മീറ്റിങ് കഴിഞ്ഞ് ഗർഭിണിയായ ഭാര്യയുടെ ചികിത്സക്കായി മറ്റൊരു സുഹൃത്തിൻ്റെ കയ്യിൽ നിന്നും പണം വാങ്ങി തിരിച്ചുവരുമ്പോഴാണ് അക്രമം നടന്നതെന്നും ലീഗ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കാന്തപുരത്തിൻ്റെ സുന്നി സംഘടനയിലെ സജീവ പ്രവർത്തകനാണെന്നതും കൊലപാതകത്തിന് കാരണമായെന്ന് ഹുസൈൻ മുസലിയാർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 10.30നാണ് ഔഫ് അബ്‌ദു റഹ്മാൻ കുത്തേറ്റ് മരിച്ചത്. ഔഫിൻ്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലാണ്. മൃതദേഹം കൊവിഡ് ടെസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം വൈകുന്നേരം ബന്ധുക്കൾക്ക് വിട്ടുനൽകും.