കണ്ണൂർ : പഴശ്ശി ഡാമിന്‍റെ വൃഷ്‌ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ സുരക്ഷിതത്വം കണക്കിലെടുത്ത് ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഭാഗികമായി തുറക്കാൻ ജില്ല കലക്‌ടർ അനുമതി നൽകി. നിലവിൽ പഴശ്ശി ഡാമിലെ ജലനിരപ്പ് 24.55m ആണ്. ഓരോ മണിക്കൂറിലും ജലനിരപ്പ് 10 സെന്‍റിമീറ്റർ ഉയരുന്നുണ്ട്. ഇതിനെ തുടർന്ന് പടിയൂർ, ഇരിക്കൂർ, നാറാത്ത്, കൂടാളി, പാപ്പിനിശേരി, വളപ്പട്ടണം, കല്യാശ്ശേരി, മയ്യിൽ, മലപ്പട്ടം, ചെങ്ങളായി എന്നീ ഗ്രാമ പഞ്ചായത്തുകളിലും ആന്തൂർ, മട്ടന്നൂർ, ഇരിട്ടി മുനിസിപ്പാലിറ്റികളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കൂടാതെ പൊലീസ്, ഫയർ സർവീസ്, റവന്യൂ, ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.
കൂടുതൽ വായനയ്‌ക്ക്: കണ്ണൂരിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ
അതേസമയം ജില്ലയിൽ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ മണിക്കൂറുകളിലായി ജില്ലയിൽ നിരവധി വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്‌ടം സംഭവിച്ചു. കൂടാതെ കടലാക്രമണവും രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ നിരവധി പേരെ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൂടാതെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിൽ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.