കണ്ണൂർ: സിപിഎം പ്രവര്‍ത്തകന്‍ തലശ്ശേരി പൊന്ന്യം പവിത്രൻ കൊലക്കേസ് വിധി നാളെ . സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ എട്ട് പേരാണ് കേസിലെ പ്രതികള്‍. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി പി.എന്‍ വിനോദാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത്.
ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ സി.കെ പ്രശാന്ത്, നാമത്ത് ലൈജേഷ് എന്ന ലൈജു, പാറായിക്കി വിനീഷ്, വലിയപറമ്പത്ത് ജോതിഷ് പഞ്ചാര പ്രശാന്ത് എന്ന മുത്തു, കെ.സി അനില്‍കുമാര്‍, കിഴക്കയില്‍ വിജിലേഷ്. കെ.മേഹഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ ജ്യോതിഷ് വിചാരണ കാലയളവില്‍ അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. രാഷ്ട്രീയ വിരോധം കാരണം പ്രതികള്‍ പതിയിരുന്ന് പവിത്രനെ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.
2007 നവംബര്‍ ആറിന് കതിരൂര്‍ പൊന്ന്യം നാമത്ത്മുക്കിലെ സിപിഎം പ്രവര്‍ത്തകനായ പാറക്കണ്ടി പവിത്രനെ ഒരു സംഘം ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചത്. സമീപത്തെ വീട്ടിലേക്ക് രക്ഷപ്പെടാനായി ഓടിക്കയറിയ പവിത്രനെ തലക്കും ശരീരത്തിലും വെട്ടി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പവിത്രന്‍ പിന്നീട് ചികിത്സക്കിടെ 2008 ആഗസ്ത് 10ന് അര്‍ധരാത്രിയാണ് മരണപ്പെട്ടത്.