കണ്ണൂർ : 1948 കാലത്ത് മലബാറിലെ ക്ഷയരോഗ നിർമ്മാർജ്ജനത്തിന് ഏറിയ പങ്കും വഹിച്ചിരുന്നത് പരിയാരത്ത് നിര്‍മിച്ച പഴയ ടിബി വാര്‍ഡുകളാണ്. ക്ഷയരോഗമെന്ന പകർച്ചവ്യാധി കൊടിയ ദുരിതം വിതച്ച നാളുകളിലാണ് ടി ബി സാനിറ്റോറിയം നിര്‍മിക്കപ്പെട്ടത്. കൊറോണ മഹാമാരി അതുപോലൊരു ദുരിതം വിതക്കുമ്പോൾ ടി ബി സാനിറ്റോറിയത്തിന്‍റെ കെട്ടിടങ്ങൾ ഇന്നും ചരിത്ര ശേഷിപ്പിന്‍റെ ബാക്കി പത്രമായി അവശേഷിക്കുന്നു.
നവികരണമില്ലാതെ നാശത്തിലേക്ക്
കൊവിഡ് ഒന്നാം ഘട്ടപ്രതിരോധ പ്രവർത്തനങ്ങൾക്കായി ഈ കെട്ടിടങ്ങൾ നവീകരിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും നടപ്പായില്ല. പരിയാരം പൊലീസ് സ്റ്റേഷൻ, ഹോസ്റ്റലുകൾ അടക്കം ഇന്നും ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചുവരുന്നത്. കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇവ വീണ്ടും ഉപയോഗ സജ്ജമാക്കി പ്രവർത്തിപ്പിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
ക്ഷയരോഗത്തെ ചെറുക്കാൻ
ക്ഷയ രോഗം ഭീതി പടർത്തിയ 1948 കാലഘട്ടത്തിലാണ് പരിയാരത്ത് 350 ഏക്കറോളം സ്ഥലത്ത് സാനിട്ടോറിയം നിര്‍മിക്കപ്പെടുന്നത്. മദ്രാസ് പ്രസിഡന്‍സി പ്രതിനിധി ലേഡി നൈയാണ് സാനിട്ടോറിയത്തിന് തറക്കല്ലിട്ടത്. ഇന്നത്തെ തലമുറയെ വെല്ലുന്ന രീതിയിൽ 400 രോഗികളെ കിടത്തി ചികില്‍സിക്കാന്‍ സാധിക്കുന്ന 9 ജനറല്‍ വാര്‍ഡുകള്‍, 11 സ്‌പെഷ്യല്‍ വാര്‍ഡുകള്‍, അതില്‍ തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വാര്‍ഡുകള്‍ എന്നിവ അതിലുണ്ടായിരുന്നു.
ദീര്‍ഘവീക്ഷണത്തോടെയുള്ള നിർമാണം
അതിന് പുറമെ പകരുന്ന ക്ഷയരോഗം ഉള്ളവരെ ചികില്‍സിക്കാനായി ഐസോലേഷന്‍ വാര്‍ഡുകള്‍, എല്ലാവിധ സൗകര്യങ്ങളുമുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, ക്ലിനിക്കല്‍ ലബോറട്ടറികള്‍, ഒ പി വിഭാഗം, ആയിരം പേര്‍ക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള അടുക്കള, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും മറ്റ് പരിചാരകര്‍ക്കുമുള്ള ക്വാര്‍ട്ടേഴ്‌സുകള്‍, തുടങ്ങി എല്ലാം ദീര്‍ഘവീക്ഷണത്തോടെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങൾ പണിതിരുന്നു.
ALSO READ: ഡോക്‌ടര്‍മാര്‍ക്ക് ബാര്‍ബര്‍ ബംഗ്ലാവ്; അനുമതി തേടിയില്ലെന്ന് ജില്ല പഞ്ചായത്ത്
130 ജീവനക്കാരും 400 രോഗികളും പരിയാരം ടി ബി സാനിട്ടോറിയത്തിൽ ഉണ്ടായിരുന്നു. പരസ്‌പരം ബന്ധിക്കപ്പെടാത്ത കെട്ടിടങ്ങള്‍ നിറഞ്ഞ ടി ബി സാനിറ്റോറിയത്തിലെ ഡോക്ടര്‍മാര്‍ക്കോ നഴ്‌സുമാര്‍ക്കോ അന്ന് രോഗം ബാധിച്ചിരുന്നില്ല. 1993 ല്‍ നിര്‍ത്തലാക്കിയ സാനിറ്റോറിയം പിന്നീട് പരിയാരം സഹകരണ മെഡിക്കല്‍ ആരംഭിച്ചപ്പോൾ ആദ്യ അഞ്ച് വര്‍ഷത്തോളം അന്നത്തെ വാര്‍ഡുകള്‍ ഉപയോഗപ്പെടുത്തിയിരുന്നു.