കണ്ണൂർ: തളിപ്പറമ്പ് പരിയാരം ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. മുൻ എംപി ഡോ.ടി എൻ സീമ പ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്തു. 10 മുതൽ 15 വരെ കുടുംബങ്ങളെ ചേർത്തുകൊണ്ട് രൂപീകരിച്ച നാനോ ക്ലസ്റ്ററുകൾ വഴി ഗൃഹസന്ദർശനവും സർവെയും നടത്തി.
ജനകീയാസൂത്രണം തുടക്കം മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഫലപ്രദമായി നടപ്പിലാക്കിയ ജില്ലയാണ് കണ്ണൂർ. ഇപ്പോൾ ഹരിത കേരള മിഷൻ പദ്ധതി സംസ്ഥാനത്ത് നല്ല രീതിയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഏറ്റവുമധികം പഞ്ചായത്തുകൾ നിലനിൽക്കുന്നതും കണ്ണൂരിലാണ്. അക്കാര്യത്തിൽ മാതൃകയാണ് പരിയാരം പഞ്ചായത്തെന്നും അവർ വ്യക്തമാക്കി വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയതോടെയാണ് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തെന്ന ലക്ഷ്യത്തിലേക്ക് പരിയാരം ഗ്രാമപഞ്ചായത്ത് എത്തിച്ചേർന്നത്.
പഞ്ചായത്ത് മെമ്പർ ചെയർമാനും ആരോഗ്യ പ്രവർത്തകർ കൺവീനറുമായുള്ള 18 വാർഡ് തല ശുചിത്വ സമിതികൾ, വിജിലൻസ് സ്ക്വാഡുകൾ, ആരോഗ്യ സേനകൾ എന്നിവ രൂപീകരിച്ചു. ഗ്രാമസഭകൾ, സ്പെഷൽ ഗ്രാമസഭകൾ, സമൂഹത്തിലെ സമസ്ത വിഭാഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ബോധവൽകരണ ക്ലാസുകൾ, കൺവെൻഷനുകൾ എന്നിവ നടപ്പിലാക്കി. 12 പൊതു ടോയ് ലെറ്റുകൾ, ഒരു കമ്മ്യൂണിറ്റി ടോയ് ലെറ്റ് എന്നിവ സ്ഥാപിച്ചു. കുപ്പം പുഴ, തോടുകൾ എന്നിവ ശുചീകരിച്ചു. ഇതെല്ലാമാണ് സമ്പൂർണ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനത്തിലേക്ക് പരിയാരത്തെ നയിച്ചത്.