കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ജലവിതരണം തടസപ്പെട്ടെന്ന് ആരോപിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ദിവസങ്ങളായി പ്രാഥമിക കൃത്യം നിർവഹിക്കുന്നതിന് പോലും വെള്ളമില്ലാതായതോടെ വിദ്യാർഥികൾ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. വണ്ണാത്തി പുഴയിൽ നിന്നാണ് പൈപ്പ് വഴി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് വെള്ളമെത്തിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ച്ചയായി വെള്ളം ലഭിക്കുന്നില്ല എന്നാണ് വിദ്യാർഥികളുടെ പരാതി. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധികാരികളോട് പരാതി അറിയിച്ചപ്പോൾ ദേശീയപാതാ പ്രവർത്തിക്കിടയിൽ മെഡിക്കൽ കോളജിലേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങുന്നതിന് ഇടയാക്കിയതെന്നായിരുന്നു മറുപടി. പെട്ടന്ന് ശരിയാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ ശരിയാകുന്നത് വരെ പകരം സംവിധാനം നടപ്പിലാക്കാൻ തയ്യാറാകാത്തതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തു വന്നു.
ഇതോടെ ചൊവ്വാഴ്ച്ച രാത്രിയോടെ ടാങ്കറിൽ വെള്ളമെത്തിച്ചെങ്കിലും അത് അതിലേറെ ദുരിതമാണ് ഉണ്ടാക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. ടാങ്കറിൽ എത്തിക്കുന്ന വെള്ളം ബക്കറ്റുകളിലാക്കി ഹോസ്റ്റലിന്‍റെ മുകൾനിലയിൽ എത്തിക്കേണ്ട ഗതികേടാണ് ഉള്ളത്. വൈറൽ പനി കാരണം അവശരായ വിദ്യാർഥികൾക്ക് മറ്റുള്ളവരാണ് വെള്ളം എത്തിച്ചു നൽകുന്നത്. മാത്രമല്ല ഒരു ടാങ്കർ വെള്ളം കൊണ്ട് മുഴുവൻ പേരുടെയും ആവശ്യം നിറവേറ്റാനാകാത്ത സ്ഥിതിയുമാണ്.
പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ജല വിതരണം പുനസ്ഥാപിക്കുന്നത് വരെ വിദ്യാർഥികൾക്ക് അവധി നൽകാൻ പ്രിൻസിപ്പൽ തയ്യാറാകണമെന്നും അതിന് തയ്യാറായില്ലെങ്കിൽ പ്രശ്ന പരിഹാരമുണ്ടാകുന്നത് വരെ കോളജ് യൂണിയന്‍റെ നേതൃത്വത്തിൽ പ്രതിഷേധ സമരം തുടരാനാണ് തീരുമാനമെന്നും വിദ്യാർഥികൾ പറഞ്ഞു.
പ്രതിഷേധത്തിന് മെഡിക്കൽ കോളജ് വിദ്യാർഥി യൂണിയൻ ചെയർമാൻ ആര്യ, വൈസ് ചെയർമാൻ രോഹിത്, ജനറൽ സെക്രട്ടറി ടിനു, ജോ. സെക്രട്ടറി അഞ്ജന, വിദ്യാർഥി പ്രതിനിധി ശ്യാംജിത്ത് എന്നിവർ നേതൃത്വം നൽകി.