കണ്ണൂർ: ലോക്ക്ഡൗൺ കാലത്ത് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ ഒരു കൂട്ടം പുതിയ കുഞ്ഞൻ അതിഥികൾ കൂടിയെത്തിയിരിക്കുകയാണ്. സ്നേക്ക് പാർക്കിലെ തൊപ്പിക്കുരങ്ങ് കല്യാണിയും, മുഴമൂക്കൻ കുഴി മണ്ഡലി എന്ന ഇനത്തിൽ പെട്ട പാമ്പും ആണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. നവ അതിഥികൾ വന്നതിന്‍റെ ആഹ്ളാദത്തിലാണ് സ്നേക്ക് പാർക്ക്.
തൊപ്പിക്കുരങ്ങ് ഒരു കുഞ്ഞിനും മുഴമൂക്കൻ കുഴി മണ്ഡലി 8 കുഞ്ഞുങ്ങൾക്കുമാണ് ജന്മം നൽകിയത്. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ മാത്രം കാണപ്പെടുന്ന ബോണ്ണെറ്റ് മക്കാക്യൂ എന്ന തൊപ്പിക്കുരങ്ങ് കാടുകളിലും നാട്ടിൻപുറങ്ങളിലും സർവ സാധാരണയായി കണ്ടുവരുന്നവയാണ്. മുഴമൂക്കൻ കുഴി മണ്ഡലി ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന വിഷമുള്ള പാമ്പ് വർഗമാണ്. ദേശീയ വന്യജീവി നിയമ പ്രകാരം സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ഈ ജീവികൾ.
READ MORE: വാക്‌സിനില്ല, ഓക്‌സിജനില്ല, മരുന്നുകളില്ല, പ്രധാനമന്ത്രിയെ കാണാനുമില്ലെന്ന് രാഹുല്‍ ഗാന്ധി
കായൽ മുതല, ചേര, പെരുമ്പാമ്പ് എന്നിവയും ഈ കാലയളവിൽ സ്നേക്ക് പാർക്കിൽ മുട്ടയിട്ടിട്ടുണ്ട്. കൃത്രിമമായ ആവാസവ്യവസ്ഥയിൽ രാജവെമ്പാലയുടെ പ്രജനനവും ഇവിടെ നടത്തുന്നുണ്ട്. ജീവികൾക്ക് അവയുടെ തനത് ആവാസവ്യവസ്ഥയ്ക്ക് യോജിച്ച അന്തരീക്ഷമാണ് കൂടുകളിൽ സജ്ജീകരിച്ചിട്ടുള്ളത്.
READ MORE: ഭക്ഷണശാലകളിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്ത സംഭവം; പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തളളി
ലോക്ക്ഡൗൺ കാലത്ത് സന്ദർശകർ ഇല്ലാത്തതിനാൽ വളരെ ശാന്തമായ അന്തരീക്ഷത്തിലാണ് ജീവികൾ ഇവിടെ കഴിയുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജീവികൾക്കും ജീവനക്കാർക്കും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ലോക് ഡൗണിന് ശേഷം പുതിയ അതിഥികളെ പൊതുജനങ്ങൾക്ക് സന്ദർശിക്കാമെന്ന് സ്നേക്ക് പാർക്ക് അധികൃതർ അറിയിച്ചു.