കണ്ണൂർ: പറശിനിക്കടവ് നന്മ ടൂറിസം ബോട്ട് ക്ലബിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയ കണ്ണൂർ 'ജലറാണി' ലക്ഷ്വറി ഹൗസ് ബോട്ട് സർവീസ് ആരംഭിക്കുന്നു. അഞ്ച് ബോട്ട് ഡ്രൈവർമാരുൾപ്പെടെ എട്ട് പേർ ചേർന്നുള്ള കൂട്ടായ്മയാണ് ഇതിന് പിറകിലുള്ളത്. 100 അടി നീളത്തിലും 18 അടി വീതിയിലുമാണ് ബോട്ടിന്‍റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. 96 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. ശീതീകരിച്ച മാസ്റ്റർ ബെഡ്റൂം, വിശാലമായ കോൺഫറൻസ് ഹാൾ എന്നിവയും ഒരിക്കിയിട്ടുണ്ട്.
കൂടാതെ അത്യാധുനികമായ ലൈറ്റിംഗ് സംവിധാനം, പുതിയകാലത്തിന് അനുയോജ്യമായ സൗണ്ട് സിസ്റ്റം, വിശാലമായ അടുക്കള, നാടൻ ഭക്ഷ്യവിഭവങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ 'ജലറാണി'യിൽ ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് കുളിക്കാനും മത്സ്യബന്ധനത്തിനും ഇതിൽ സൗകര്യമുണ്ട്. പറശിനിക്കടവില്‍ നിന്ന് ആരംഭിച്ച് മയ്യിൽ വരെയും തിരിച്ച് വളപട്ടണം പുഴ വഴിയുമാണ് ബോട്ടിന്‍റെ സഞ്ചാരപാത.
ബോട്ടിന്‍റെ സർവീസ് ജയിംസ് മാത്യു എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. റിഷ്‌ന, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.അബ്ദുൽ മജീദ്, കെ.വി സുനിൽ, രാജേഷ് ചാലാട്, കെ. സത്യൻ, കെ.പി.മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.