കണ്ണൂര്‍: 25 വർഷമായി പപ്പട നിർമാണരംഗത്തുള്ള എടപ്പാൾ സ്വദേശി സുബീഷിന്റെ കണ്ണൂർ കണ്ണപുരത്തെ പപ്പട നിർമ്മാണയിടമാണിത്. ആകെയുള്ളത് 3 തൊഴിലാളികൾ. പകുതിയിലേറെ പണികൾ യന്ത്ര സഹായത്തോടെ പൂർത്തിയാക്കുമെങ്കിലും പഴയ പ്രതാപം ഇന്ന് സുബീഷിന്റെ ഈ കുടിൽ വ്യവസായത്തിനില്ല.
അസംസ്കൃത വസ്‌തുക്കളുടെ വിലക്കയറ്റത്തിൽ പിടിച്ചു നിന്നെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പപ്പടങ്ങള്‍ വിപണി കീഴടക്കിയതാണ് കണ്ണൂരിൽ പരമ്പരാഗത പപ്പട വ്യവസായത്തിന്റെ നടുവൊടിച്ചത്.
ഇതോടെ ഉപജീവനമാര്‍ഗം തേടി നിരവധി പേരാണ് മറ്റ് തൊഴില്‍ മേഖലകളിലേക്ക് ചേക്കേറിയത്. തലമുറകള്‍ കൈമാറിവന്ന തൊഴില്‍ ഉപേക്ഷിക്കേണ്ടിവരുന്ന വേദനയാണ് ഇവിടത്തെ പരമ്പരാഗത പപ്പട നിര്‍മാതാക്കള്‍ക്ക്.
പപ്പടക്കാരം, ഉഴുന്ന്, എണ്ണ, അരിപ്പൊടി എന്നിവയാണ് പപ്പടത്തിന്റെ പ്രധാന ചേരുവകൾ. ആദ്യ കാലങ്ങളില്‍ 100 കിലോയിലധികം പപ്പടം നിര്‍മ്മിച്ചിരുന്ന കുടിൽ വ്യവസായ മേഖലകളിൽ ഉത്പാദനം ഇപ്പോൾ പകുതി ആയി കുറഞ്ഞു. ജീവിതം വഴിമുട്ടിയ പപ്പട നിര്‍മാണ തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന പ്രതീക്ഷയിലാണ് പലരും ഇന്നും ഈ തൊഴിലില്‍ തുടരുന്നത്