കണ്ണൂര്‍ : പഴയങ്ങാടി പുഴയോരത്തെ വീടിന് മുന്‍പില്‍ അടുപ്പിച്ചിട്ട തോണിയില്‍, എന്നും രാവിലെ കയറുമ്പോള്‍ പാറയിൽ രാജന്‍ രണ്ട് ലക്ഷ്യങ്ങളാണ് മനസില്‍ കരുതുക. ഒന്ന്, അന്നത്തിനുള്ള വക കണ്ടെത്തല്‍. രണ്ട്, കണ്ടൽക്കാടുകളുടെ പരിപാലനം. 58 വയസുള്ള രാജന്, കണ്ടൽക്കാടുകളോടുള്ള പ്രിയം 13ാം വയസില്‍ തുടങ്ങിയതാണ്.
മീന്‍ പിടിക്കാന്‍ അച്ഛന്‍ പോവുമ്പോള്‍ കണ്ടല്‍ക്കായകള്‍ പെറുക്കാന്‍ 13 വയസുള്ള രാജനും പോവുന്നത് പതിവായിരുന്നു. ഇങ്ങനെ ശേഖരിച്ചുവച്ച വിത്തുകള്‍ ഒഴിഞ്ഞുകിടക്കുന്ന പ്രദേശത്തെ ചെളിയിൽ എറിയുന്നത് ശീലമാക്കി. എറിഞ്ഞുണ്ടായ കായകള്‍ കാടായി പടര്‍ന്നതോടെ അതൊരു ദൗത്യത്തിലേക്ക് പില്‍ക്കാലത്ത് ആ 13കാരനെ എത്തിച്ചു. അങ്ങനെ, ലക്ഷക്കണക്കിന് കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിച്ചും സംരക്ഷിച്ചും പ്രകൃതി സ്നേഹത്തിന്‍റെ ഉദാത്ത മാതൃക തീര്‍ക്കാന്‍ രാജനെ കാലം കരുത്തനാക്കി.
'കണ്ടല്‍ക്കാടുകളുടെ കണ്ണൂര്‍, അങ്ങനത്തന്നെ ആവട്ടെ' : മത്സ്യത്തൊഴിലാളി ആണെങ്കിലും അദ്ദേഹം ജീവിതത്തിൽ ഏറെനേരം ചെലവിടുന്നത് കണ്ടൽ സംരക്ഷണത്തിനാണ്. അതോടൊപ്പം, ഇവയെക്കുറിച്ചുള്ള അവബോധ ക്ലാസുകൾക്ക് വേണ്ടിയും. ഭ്രാന്തൻ, ഉപ്പൂറ്റി, എഴുത്താണി, കുറ്റി, ചക്കര തുടങ്ങി 20 തരത്തിലുള്ള കണ്ടൽ ചെടികള്‍ പഴയങ്ങാടി പുഴയോരത്ത് കണ്ടിട്ടുള്ള അദ്ദേഹത്തിന് ഇതേക്കുറിച്ച് വിശദമായി അറിയാം. ഇവ പൂക്കുന്നതിന്‍റെയും കായ പൊഴിക്കുന്നതിന്‍റെയും സമയമടക്കം സകലതും മനപ്പാഠം.
വികസനത്തിന്‍റെ പേരിൽ ഈ കാടുകള്‍ മുറിച്ച് മാറ്റുമ്പോൾ ഒരു ആവശ്യം മാത്രമേയുള്ളൂ ഈ കണ്ടല്‍ സംരക്ഷകന്. വീണ്ടും വച്ചുപിടിപ്പിക്കുക. മൂന്നുവർഷം കൊണ്ട് അത് തനിയെ വളർന്ന് പന്തലിക്കും എന്നതാണ് അത്. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ലയെന്ന നേട്ടം കണ്ണൂരിനാണ്. അത് അങ്ങനെത്തന്നെ എക്കാലവും നിലനില്‍ക്കട്ടെയെന്നാണ് രാജന്‍റെ ആഗ്രഹം.