കണ്ണൂര്‍: കൊവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ തുടങ്ങിയിടങ്ങളില്‍ ആളുകള്‍ കൂട്ടമായെത്തുന്നത് നിയന്ത്രിക്കാന്‍ ഉടമകള്‍ സംവിധാനമേര്‍പ്പെടുത്തണമെന്ന് നിര്‍ദേശം. സ്ഥാപനങ്ങളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകള്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കഴുകുകയോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യാന്‍ സംവിധാനമൊരുക്കണം. എസി ഒഴിവാക്കി നല്ല രീതിയില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം. സന്ദര്‍ശകര്‍ ഉപയോഗിക്കുന്ന ഇരിപ്പിടങ്ങളും പെരുമാറുന്ന സ്ഥലങ്ങളും ഇടക്കിടെ അണുവിമുക്തമാക്കണമെന്നും ജില്ലാ കലക്‌ടര്‍ ടി.വി.സുഭാഷിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം നിര്‍ദേശിച്ചു. രോഗഭീതിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും ഗ്യാസ് വിതരണ ഏജന്‍സികളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്‌ടര്‍ വ്യക്തമാക്കി.
അതേസമയം കൊവിഡ് 19 രോഗബാധ സംശയിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 6,100 ആയി. വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ രോഗ സാധ്യതയുള്ളവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 26 പേര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലും ഒമ്പത് പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 14 പേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ജില്ലയിലും പുറത്തും നടത്തിയ സാമ്പിള്‍ പരിശോധനയില്‍ ഫലം പോസിറ്റീവായ എട്ട് പേര്‍ നിലവില്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിരീക്ഷത്തിലാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ 13 വിമാനങ്ങളിലായി എത്തിയ 1,105 യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കിയതായി ഡിഎംഒ അറിയിച്ചു. റെയില്‍വെ സ്റ്റേഷനുകളിലും മറ്റുമായി 2,498 യാത്രക്കാരെ സ്‌ക്രീനിങ്ങിന് വിധേയരാക്കി. 12 പേരെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. 835 പേര്‍ക്ക് വീടുകളില്‍ ഐസോലേഷന് നിര്‍ദേശം നല്‍കിയതായും ഡിഎംഒ അറിയിച്ചു.