കണ്ണൂർ : പരിയാരത്ത് കോൺട്രാക്‌ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നേരിട്ട് പങ്കുള്ള ഒരാൾ കൂടി പിടിയിൽ. നീലേശ്വരം സ്വദേശി അഖിലാണ് അറസ്റ്റിലായത്. പരിയാരം എസ്ഐ കെ.വി. സതീശന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസിൽ ക്വട്ടേഷൻ നൽകിയ സ്ത്രീയുൾപ്പെടെ ഏഴ് പേർ പിടിയിലായി. സംഭവത്തിൽ നീലേശ്വരം സ്വദേശിയായ ബാബു കൂടി അറസ്റ്റിലാകാനുണ്ട്.
ഏപ്രില്‍ 19ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോണ്‍ട്രാക്‌ടർ പി.വി. സുരേഷ് ബാബുവിനെ നാലംഗ സംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മാസങ്ങള്‍ നീണ്ട പൊലീസ് അന്വേഷണത്തിനോടുവിൽ പ്രതികൾ പിടിലായതോടെയാണ് സ്ത്രീ നൽകിയ ക്വട്ടേഷന്‍റെ കഥ പുറത്തുവരുന്നത്.
READ MORE: കോണ്‍ട്രാക്‌ടറെ ആക്രമിക്കാന്‍ ബന്ധുവിന്‍റെ ഭാര്യയുടെ ക്വട്ടേഷന്‍ : പ്രതികള്‍ പൊലീസ് കസ്റ്റഡിയിൽ
പൊലീസുകാരനായ ഭർത്താവിന്‍റെ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ കേരള ബാങ്ക് ഉദ്യോഗസ്ഥയായ കാനായി സ്വദേശി സീമ മൂന്ന് ലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. അതിനായി പഴയങ്ങാടി സ്വദേശികളായ രതീഷ്, ജിഷ്‌ണു, അഭിലാഷ് എന്നിവരെ ചുമതലപ്പെടുത്തി.
നീലേശ്വരം സ്വദേശികളാണ് സംഭവത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഉപയോഗിച്ചിരുന്ന കാറും വെട്ടാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിരുന്നു.
കേസിൽ നേരിട്ട് പങ്കുള്ള നീലേശ്വരം സ്വദേശിയായ ബാബു കൂടി പിടിയിലായാൽ വലിയൊരു ക്വട്ടേഷൻ സംഘത്തെയാവും പരിയാരം പൊലീസിന്‍റെ ഇടപെടലിൽ പിടികൂടുന്നത്. പിടിയിലായ പലരും മുൻപും പല കേസുകളിൽ ഉൾപ്പെട്ടവരാണ്.