കണ്ണൂർ : സ്വർണം നഷ്ടപ്പെട്ടെന്നറിയിച്ച് അർജുൻ ആയങ്കിക്കെതിരെ പരാതി പറയാൻ ആരും എത്തിയിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ. അങ്ങനെ പരാതിയുമായി ആരെങ്കിലും എത്തിയാൽ തന്നെ പൊലീസിനെ സമീപിക്കാനാണ് പാര്‍ട്ടി അവരോട് പറയുകയെന്നും ജയരാജൻ വ്യക്തമാക്കി.
സ്വർണം കൊണ്ടുവരാൻ വാഹനം കൊടുത്തെന്ന പ്രാഥമിക നിഗമനത്തിലാണ് സജേഷിനെതിരെ സിപിഎം നടപടി എടുത്തത്. പാർട്ടി അംഗങ്ങൾക്ക് ക്വട്ടേഷൻ ബന്ധമുണ്ടോ എന്ന് പരിശോധിക്കും. സിപിഎം ഭരിക്കുന്ന ബാങ്കുകൾ സ്വർണക്കടത്തിന് നേതൃത്വം കൊടുക്കുന്നുവെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കരുതെന്നും ജയരാജൻ പറഞ്ഞു.
സി. സജേഷിനെതിരെ നടപടി
സിപിഎം സസ്പെൻഡ് ചെയ്‌ത സി സജേഷിനെയും കരിപ്പൂർ സ്വർണക്കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് ജയരാജൻ മാധ്യമങ്ങളെ കണ്ടത്. സഹകരണ ബാങ്കിലെ ജീവനക്കാരൻ തെറ്റ് ചെയ്‌താൽ ബാങ്കിൻ്റെ പേര് പറയുന്നത് എന്തിനാണെന്ന് ജയരാജൻ ചോദിക്കുന്നു.
READ MORE: കരിപ്പൂർ സ്വർണക്കടത്ത്: കാറുടമ സജേഷിനെ പുറത്താക്കി സിപിഎം
സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിൽ സ്വര്‍ണം പരിശോധിക്കുന്നയാളാണ് സജേഷ്. കടത്തിയ സ്വര്‍ണം സജേഷ് കൈകാര്യം ചെയ്‌തിരുന്നോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയ കേസിലെ മുഖ്യപ്രതി അർജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്‍റെ ഉടമ സി. സജേഷ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാര്‍ട്ടി ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.
READ MORE: കരിപ്പൂർ സ്വർണക്കടത്ത്; അര്‍ജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി