കണ്ണൂര്‍: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പുതിയ പാലം നിർമ്മിക്കുന്ന തളിപ്പറമ്പ് കുപ്പത്ത് ഭൂമി പരിശോധനയ്ക്കായി പൈലിങ് തുടങ്ങിയതോടെ ആശങ്കയുമായി പ്രദേശവാസികൾ രംഗത്ത്. ഇതിന്‍റെ പ്രകമ്പനം കാരണം വീടുകളിൽ താമസിക്കാൻ കഴിയുന്നില്ലെന്നും മാറ്റി താമസിപ്പിക്കണമെന്നുമാണ് മൂന്ന് കുടുംബങ്ങളുടെ ആവശ്യം. ചുമരുകളിൽ വിള്ളലുകൾ വീണതോടെ വീട് തകർന്നു വീഴുമോയെന്ന ആശങ്കയിലാണിവർ.
കുപ്പത്തെ നിലവിലുള്ള പാലത്തിനോട് ചേർന്നാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇതിന്‍റെ ഭൂമി പരിശോധനയുടെ ഭാഗമായി വ്യാഴാഴ്‌ച പൈലിങ് പ്രവർത്തി തുടങ്ങിയതോടെയാണ് സമീപത്തെ വീടുകളിൽ പ്രകമ്പനം അനുഭവപ്പെടാൻ തുടങ്ങിയത്. വീടിന് വിള്ളലുകൾ വീഴുകയും കോൺക്രീറ്റ് അടർന്നു വീഴുകയും ചെയ്‌തതോടെ നാട്ടുകാർ ഇടപെട്ട് പൈലിങ് നിർത്തി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ALSO READ: റീനയും റയാനും വെട്ടേറ്റ നിലയില്‍, സോണി ജീവനൊടുക്കിയ രീതിയിലും ; പത്തനംതിട്ടയിലെ മരണങ്ങളില്‍ അന്വേഷണം
പാലം പണി തീരുന്നതുവരെ മൂന്നു കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കുന്നതിനും പ്രവർത്തി നടക്കുമ്പോൾ വീടിന് നാശനഷ്‌ടമുണ്ടായാൽ അത് നികത്തുന്നതിനും ബന്ധപ്പെട്ടവർ മുൻകൈയെടുക്കുണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വീടുകൾ തകർന്നു കഴിഞ്ഞാൽ തീരദേശമായതിനാൽ പിന്നെ വീടുനിർമ്മിക്കാൻ കഴിയാത്ത സാഹചര്യമാണ്.
ജനപ്രതിനിധികൾ ഇടപെട്ട് ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നെങ്കിലും കലക്‌ടറുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയു എന്നാണ് നിലപാട്. ഇതോടെ വീട്ടുടമകൾ കലക്‌ടർക്ക് പരാതി നൽകി.