എറണാകുളം: കലൂർ സ്‌റ്റേഡിയത്തിലെ വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. ഇന്ന് (ഡിസംബർ 31) രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. കുറച്ചുദിവസം കൂടി വെന്‍റിലേറ്ററിൽ തുടരേണ്ട സാഹചര്യമാണുള്ളതെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു.
ചികിത്സയിൽ തുടരുന്ന ഉമ തോമസ് എംഎൽഎയുടെ തലയുടെയും നട്ടെല്ലിൻ്റെയും പരിക്കിൻ്റെ ചികിത്സയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നുണ്ട്. തലച്ചോറിൻ്റെ ആരോഗ്യവും ബോധാവസ്ഥയും അളക്കുന്നതിൻ്റെ ഭാഗമായി സെഡേഷൻ്റെ അളവ് കുറച്ചപ്പോൾ ഇന്ന് രാവിലെ 7 മണിയോടുകൂടി രോഗി ഡോക്‌ടർമാരുടെ നിർദേശങ്ങളോട് അനുകൂലമായി പ്രതികരിച്ചു. ഡോക്‌ടറുടെ നിർദേശാനുസരണം കൈകളും കാലുകളും ചലിപ്പിച്ചുവെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
അതേസമയം തീവ്രപരിചരണ വിഭാഗത്തിനകത്ത് ഉമ തോമസ് മക്കളെ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്‌തു. ഇത് തലച്ചോറിന്‍റെയും നട്ടെല്ലിൻ്റെയും പരിക്കിൻ്റെ ചികിത്സയിലെ വളരെ ആശാവഹമായ പുരോഗതിയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ശ്വാസകോശത്തിൻ്റെ അവസ്ഥ സാരമായി തന്നെ തുടരുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് ശ്വാസകോശത്തിൻ്റെ അവസ്ഥയ്ക്ക് നേരിയ പുരോഗതിയുണ്ട്. രോഗി മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നുണ്ട്. വാരിയെല്ലുകളുടെ ഒടിവുകളും അവ മൂലം ശ്വാസകോശത്തിനുണ്ടായ ക്ഷതവും ചതവും കുറച്ചുനാളുകൾ നീണ്ടു നിൽക്കുന്ന തീവ്രപരിചരണചികിത്സയിലൂടെ മാത്രമെ ഭേദപ്പെടുകയുള്ളു. രോഗിയുടെ വൈറ്റൽസ് സ്‌റ്റേബിളാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
സംഭവം ഇങ്ങനെ: മൃദംഗ വിഷൻ കൂട്ടായ്‌മ ഞായറാഴ്‌ച വൈകുന്നേരം ആറുമണിയോടെ നടി ദിവ്യാഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു അപകടം. മന്ത്രി സജി ചെറിയാൻ ഉൾപ്പടെ ഇരിക്കുകയായിരുന്ന വിഐപി വേദിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്.
വേദിയിലിരുന്ന എംഎൽഎ പരിചയമുള്ള ഒരാളെ കണ്ട് എഴുന്നേറ്റ് നടക്കവെ, വേദിയിലെ താത്‌കാലിക റെയിൽ റിബണിൽ പിടിച്ചതോടെയാണ് താഴേക്ക് വീണത്. 15 അടിയോളം ഉരത്തിൽ നിന്നും താഴേക്ക് വീണ എംഎൽഎയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സിടി സ്‌കാൻ ഉൾപ്പടെയുള്ള പരിശോധനകൾ നടത്തിയതോടെയാണ് പരിക്ക് ഗുരുതരമാണന്ന് കണ്ടെത്തിയത്. തുടർന്ന് എംഎൽഎയെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. എംഎൽഎയുടെ തലയ്ക്കും, വാരിയെല്ലിനും, ശ്വാസകോശത്തിനുമാണ് പ്രധാനമായി പരിക്കുള്ളത്.