കണ്ണൂർ: പാനൂരിൽ നവജാത ശിശു മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉടലെടുത്തതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുഞ്ഞിന്‍റെ മരണം അത്യന്തം വേദനാജനകമാണെന്ന് മന്ത്രി പ്രതികരിച്ചു. ചികിത്സയ്ക്ക് എത്താതിരുന്ന ഡോക്‌ടറെയും സ്റ്റാഫ് നഴ്‌സിനെയും സ്ഥലം മാറ്റിയതായും മന്ത്രി അറിയിച്ചു.
ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട പാനൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. മാണിക്കോത്ത് ഹനീഫ- സമീറ ദമ്പതികളുടെ കുഞ്ഞ് പ്രസവം നടന്നയുടനെ മരിക്കുകയായിരുന്നു. എട്ട് മാസം ഗർഭിണിയായ സമീറയ്ക്ക് രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുമ്പോഴേക്കും വീട്ടിൽ തന്നെ സമീറ പ്രസവിച്ചു. വീട്ടുകാർ പാനൂർ സിഎച്ച്സിയിൽ എത്തി ഡോക്‌ടറോട് വരാൻ ആവശ്യപ്പെട്ടെങ്കിലും കൊവിഡ് പ്രോട്ടോകോൾ ചൂണ്ടിക്കാട്ടി വരാൻ തയ്യാറായില്ല. ഇത് വാക്ക് തർക്കത്തിലേയ്ക്കും ബഹളത്തിലേയ്ക്കും നയിച്ചു. പിന്നീട് സമീപത്തെ ക്ലീനിക്കിൽ നിന്ന് നഴ്‌സുമാർ എത്തി പൊക്കിൾക്കൊടി മുറിച്ചു മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സമീറയെ തലശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് മരിച്ചതോടെ പാനൂരിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. തുടർന്നാണ് സംഭവത്തിൽ ആരോഗ്യമന്ത്രി നടപടിയെടുത്തത്.