കണ്ണൂർ: കണ്ണൂരിലെ പയ്യാവ്വൂരിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ പരാതിയുമായി പ്രദേശവാസികൾ രംഗത്ത്. പയ്യാവൂർ പഞ്ചായത്തിലെ ചന്ദനക്കാംപാറ എന്ന പ്രദേശത്തുള്ള ക്വാറിക്കെതിരെയാണ് ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. പയ്യാവൂർ ക്രഷേർഴ്‌സ് ആണ് ഇവിടെ കരിങ്കല്‍ ഖനനം നടത്തുന്നത്. പരിസ്ഥിതിയെ തകർക്കുന്ന കരിങ്കൽ ക്വാറി അപകടകരമായ അവസ്ഥയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രദേശത്ത് നിർമ്മിച്ച കൃത്രിമ മണ്ണ് മലയാണ് കഴിഞ്ഞ ദിവസമുണ്ടായ ഉരുൾ പൊട്ടലിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഉരുൾപൊട്ടലിൽ ക്വാറിക്ക് താഴ്വാരത്ത് താമസിക്കുന്ന നിരവധി പേരുടെ കൃഷിയിടങ്ങള്‍ നശിച്ചു. കൃഷിയിടം ഒലിച്ചു പോയ ഈ പ്രദേശം ഇപ്പോൾ കൃഷി യോഗ്യമല്ലാത്ത അവസ്ഥയിലാണ്.
അനധികൃതമായ രേഖകൾ സമർപ്പിച്ചാണ് ക്വാറിക്ക് ലൈസൻസ് കിട്ടിയതെന്നും നാട്ടുകാര്‍ പറയുന്നു. ക്വാറി ആരംഭിക്കാൻ വീടുകളിൽ നിന്ന് നിശ്ചിത അകലം വേണം എന്ന വ്യവസ്ഥ പോലും പാലിക്കാതെയാണ് ഇവിടെ ഖനനം തുടരുന്നത്. പാറ പൊട്ടിക്കുന്ന ആഘാതത്തിൽ സമീപത്തുള്ള വീടുകൾ വിണ്ടുകീറി വാസയോഗ്യമല്ലാതായതിനെ തുടർന്ന് പലരും മറ്റിടങ്ങളിൽ വാടകയ്ക്ക് താമസിക്കുകയാണ്.
കണ്ണൂർ ജില്ലാ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും തുടർ നടപടികൾ ഒന്നും നടന്നില്ല. ഗുരുതരമായ ഈ വീഴ്‌ചക്കെതിരെ അധികൃതർ കണ്ണ് തുറക്കാത്തതിൽ പ്രതിഷേധിച്ച് സമര പരിപാടികൾ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.