കണ്ണൂർ: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി തളിപ്പറമ്പ് ട്രാഫിക് പൊലീസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. കരിമ്പത്ത് നിന്നും ആരംഭിച്ച റാലി നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, ഡിവൈഎസ്പി ടി.കെ രത്നകുമാർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി തളിപ്പറമ്പ് ട്രാഫിക് യൂണിറ്റ് കരിമ്പം മുതൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ വരെയാണ് ബൈക്ക് റാലി നടത്തിയത്. വനിതാ പൊലീസും സർസയ്യിദ് കോളജിലെ വിദ്യാർഥികളും നഗരസഭ കൗൺസിലർമാരും ബൈക്ക് റാലിയുടെ ഭാഗമായി.
ഹെൽമറ്റ് ധരിച്ച് സുരക്ഷിതരാവു, മദ്യപിച്ച് വാഹനമോടിക്കാതിരിക്കൂ, സീറ്റ് ബെൽറ്റ് ധരിക്കൂ തുടങ്ങിയ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചാണ് ബൈക്ക് റാലി നടത്തിയത്.തളിപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എൻ.കെ. സത്യനാഥൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വികസന സ്ഥിരം സമിതി ചെയർപേഴ്സൺ എം.കെ ഷബിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.റജില, കൗൺസിലർമാരായ സി.മുഹമ്മദ് സിറാജ്, എം. സജ്ന, ട്രാഫിക് എസ്ഐ എം.രഘുനാഥ്, ഡോ. നഫീസ ബേബി തുടങ്ങിയവർ സംസാരിച്ചു.