കണ്ണൂർ: ദേശീയ പാത വികസനുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിൽ പാപ്പിനിശേരി തുരുത്തിയിൽ അപാകതകൾ നടന്നിട്ടുണ്ടെങ്കിൽ പുന:പരിശോധിക്കാൻ നിയമപരമായ സാധ്യതയുണ്ടോയെന്ന് ആരായുമെന്ന് പട്ടികജാതി പട്ടികവർഗ കമ്മിഷൻ. ദേശീയപാതയുടെ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതിക്ക് മറുപടി പറയുകയായിരുന്നു കമ്മിഷൻ ചെയർമാർ ബി.എസ് മാവോജി. മറ്റാരുടേയോ താൽപ്പര്യത്തിന് വഴങ്ങി ആദ്യത്തെ അലൈമെന്റ് മാറ്റിയെന്നാണ് കമ്മിഷൻ മുമ്പാകെ ലഭിച്ച പരാതി.
ദേശീയപാത വിപുലീകരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാട് വരെ പ്രവൃത്തി ആരംഭിക്കുന്നതിനായി ടെൻഡർ ക്ഷണിച്ചതിന് പിന്നാലെയാണ് സമരക്കാരുടെ പരാതി പരിഗണിക്കപ്പെട്ടത്. പാപ്പിനിശ്ശേരി തുരുത്തിയിൽ വീടും സ്ഥലവും നഷ്ടപ്പെടുന്നവർ സമരം തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായി.
നിർദിഷ്‌ഠ ദേശീയ പാത കടന്നു പോകുന്ന പാപ്പിനിശ്ശേരി തുരുത്തിയിൽ ദേശീയപാത വികസനത്തിന്റെ പേരിൽ നടത്തുന്ന നീക്കങ്ങൾ നീതിക്ക് നിരക്കാത്തതാണെന്ന് കെ.സുധാകരൻ എം.പി പറഞ്ഞു. ഒന്നും നഷ്ടപ്പെടാതെ തന്നെ ദേശീയപാത വികസനം സാധ്യമാകും എന്നിരിക്കെ ദേശീയപാത അധികൃതർ നടത്തുന്ന നീക്കത്തിനു പിന്നിൽ ചിലരുടെ രഹസ്യ അജണ്ട ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലക്ട്രേറ്റില്‍ പട്ടികജാതി പട്ടികവർഗ കമ്മിഷൻ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു കെ.സുധാകരന്‍റെ പ്രതികരണം.