കണ്ണൂർ: ഇന്ത്യയിൽ പട്ടിണി വർദ്ധിക്കുകയാണെന്ന് കണ്ണൂരിൽ നടക്കുന്ന അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനത്തിന്‍റെ വിലയിരുത്തൽ. ദാരിദ്ര്യം കുറയ്ക്കാൻ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്നും പ്രതിനിധി സമ്മേളന ചർച്ചയിൽ നേതാക്കൾ വിലയിരുത്തി. രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിൽ തൊഴിലില്ലായ്‌മ വർധിച്ചു വരികയാണ്. 14 കോടി മനുഷ്യർ നാട് വിട്ടു പോകുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി വിശാലമാക്കണമെന്നും ഭക്ഷ്യ സുരക്ഷ നിയമം സാമൂഹ്യ സുരക്ഷ, തൊഴിൽ സുരക്ഷ, എന്നിവ ശക്തിപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഹിന്ദി ഹൃദയ ഭൂമികയിൽ മികച്ച വളർച്ച കണ്ടെടുക്കാൻ ഇടത് തൊഴിലാളി സംഘടനകൾക്ക് കഴിഞ്ഞില്ലെന്ന് സമ്മേളനം വിലയിരുത്തി. ഗുജറാത്ത്, ജാർഖണ്ഡ്, അസം, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഘടകം തുടങ്ങാൻ നിർദേശം നല്‍കാനും യോഗം തീരുമാനിച്ചു. പ്രതിനിധി സമ്മേളനം തുടരുകയാണ്. പുതിയ പാനൽ രൂപീകരണവും ഭാരവാഹി തെരഞ്ഞെടുപ്പും നാളെ നടക്കും.