കണ്ണൂർ: പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനുള്ള കെ.വി തോമസിന്‍റെ തീരുമാനം സ്വാഗതാർഹമെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ. കെ.വി തോമസ് എത്തുമെന്ന വിശ്വാസം തങ്ങൾക്കുണ്ടായിരുന്നു. സെക്യുലറിസത്തെ പറ്റി നടക്കുന്ന സെമിനാറിൽ നെഹ്റുവിന്‍റെ പാർട്ടിക്ക് വിലക്ക് ഏർപ്പെടുത്താൻ എങ്ങനെ തോന്നുന്നുവെന്നും ജയരാജൻ ചോദിച്ചു.
വർഗീയതയ്‌ക്കെതിരെ പ്രതികരിക്കാനാണ് കെ.വി തോമസിനെ ക്ഷണിച്ചത്. അതിനുള്ള അവസരമാണ് കോൺഗ്രസ് ഇല്ലാതാക്കിയത്. തിരുമണ്ടൻ തീരുമാനം സുധാകരനല്ലാതെ മറ്റൊരു മണ്ടന് എടുക്കാൻ കഴിയുമോ എന്നും കോൺഗ്രസ് തകരുകയാണെന്നും ജയരാജൻ പ്രതികരിച്ചു.
പെണ്ണ് കണ്ട ശേഷം ഇഷ്‌ടമല്ലെന്ന് പെണ്ണ് പറയും വരെ കല്യാണം നടക്കുമെന്ന പ്രതീക്ഷ ചെറുക്കൻ്റെ വീട്ടുകാർക്കുണ്ടാവും. പാർട്ടിയിലേക്കല്ല, പാർട്ടി കോൺഗ്രസിന്‍റെ പരിപാടിയിലേക്കാണ് കെ.വി തോമസിനെ ക്ഷണിച്ചത്.
സെമിനാറിൽ പങ്കെടുത്തതിൽ ആളെ പുറത്താക്കുന്നത് ചരിത്രത്തിലാദ്യമാവും. ശശി തരൂർ മനസില്ലാ മനസോടെയാണ് തീരുമാനം എടുത്തതെന്നും ജയരാജൻ പറഞ്ഞു. കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Also Read: കോണ്‍ഗ്രസ് വിടില്ല: വിലക്ക് ലംഘിച്ച് കെ.വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്