കണ്ണൂർ: തളിപ്പറമ്പ് നഗരസഭയിൽ മുർഷിദ കൊങ്ങായിയെ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ മുസ്ലീം ലീഗ് തീരുമാനം. മുതിർന്ന കോൺഗ്രസ് നേതാവ് കല്ലിങ്കീൽ പത്മനാഭനാണ് യുഡിഎഫിന്‍റെ വൈസ് ചെയർമാൻ സ്ഥാനാർത്ഥി. ഇരുപത്തിയെട്ടാം തീയതി രാവിലെ 11 മണിക്ക് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പും ഉച്ച കഴിഞ്ഞ് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പും നടത്താനാണ് തീരുമാനം. യുഡിഎഫിന് 19ഉം സിപിഎമ്മിന് 12ഉം ബിജെപിക്ക് മൂന്നും സീറ്റുകളാണ് ഇവിടെയുള്ളത്.
പാർട്ടിയുടെ മുതിർന്ന നേതാവായിരുന്ന അന്തരിച്ച കൊങ്ങായി മുസ്‌തഫയുടെ മകളാണ് മുർഷിദ കൊങ്ങായി. മുസ്ലീം ലീഗിലെ മഹമൂദ് അള്ളാംകുളം പക്ഷവും പി.കെ. സുബൈർ പക്ഷവും ഒരു പോലെ സമ്മതിച്ചതിനെ തുടർന്നാണ് മുർഷിദയെ ചെയർപേഴ്‌സൺ സ്ഥാനാർഥി സ്ഥാനത്തേക്ക് നിർദേശിച്ചത്. മുക്കോല വാർഡിൽ നിന്നാണ് കന്നി പോരാട്ടത്തിൽ തന്നെ മുർഷിദ വിജയിച്ചത്. പാർലമെന്‍ററി പാർട്ടി ലീഡറായി കോൺഗ്രസ് കൗൺസിലർമാർ കല്ലിങ്കീൽ പത്മനാഭനെ തെരഞ്ഞെടുത്തിരുന്നു. തളിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമാണ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന കല്ലിങ്കീൽ പത്മനാഭൻ.