കണ്ണൂര്‍: കൂൺ കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കീഴാറ്റൂരിലെ യുവാക്കൾ. മാന്ദംകുണ്ട് കീഴാറ്റൂരിലെ വി രാഹുലും വി ശിഖിലുമാണ് ഹൈടെക് കൃഷിയിലൂടെ വിരിയിച്ചെടുക്കുന്ന കൂണുകൾ കൊണ്ട് ശ്രദ്ധേയമാകുന്നത്. 'കീഴാറ്റൂർ മഷ്റൂം' എന്ന പേരിലാണ് വിപണിയിലെത്തിച്ചത്.
കൊവിഡ് വ്യാപനം ശക്തമായിരിക്കെയാണ് രാഹുലും ശിഖിലും ബന്ധുവിൽ നിന്ന് കൂൺ കൃഷിയെക്കുറിച്ച് കൂടുതലറിയുന്നത്. തുടർന്ന് തറവാട് വീട്ടീലെ മുറിയിൽ അഞ്ച് ബെഡുകളൊരുക്കിയാണ് കൃഷി തുടങ്ങിയത്. ഇത് വിജയിച്ചതോടെ കൃഷി വിപുലമാക്കിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് പന്നിയൂരിലെ കണ്ണൂർ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ (കെ.വി.കെ) നിന്നാണ് കൂൺ കൃഷിയെക്കുറിച്ച് ആധികാരികമായി പഠിച്ചത്.
ഹൈടെക് കൃഷി, 5,00 സ്ക്വയർ ഫീറ്റില്‍: കെ.വി.കെയിൽ നിന്ന് ലഭിച്ച ആത്മവിശ്വാസം ഹൈടെക് കൂൺ കൃഷി തുടങ്ങാനും ഇവർക്ക് പ്രേരണയായി. മാന്ദംകുണ്ട് കീഴാറ്റൂരിലെ തറവാട് വീടിനോട് ചേർന്ന് 5,00 സ്ക്വയർ ഫീറ്റ് ഹൈടെക് കൃഷി മുറിയാണ് ഇതിനായി ഇവർ തയ്യാറാക്കിയത്. കോൺക്രീറ്റ് തറയിൽ സ്ക്വയർ പൈപ്പ് കൊണ്ടാണ് ഫ്രെയിം നിർമിച്ചത്. ഇറക്കുമതി ചെയ്‌ത ബബിൾ ഷീറ്റ് കൊണ്ട് ഉൾവശവും ഏഴ് ലെയറുകൾ ഉള്ള ഫിലിം ഷീറ്റ് ഉപയോഗിച്ച പുറം വശവും മൂടി. ഉൾവശത്തെ ബബിൾ ഷീറ്റ് നനയുന്ന രീതിയിൽ മുഴുവൻ സമയവും വെള്ളമൊഴുക്കും.
വെള്ളത്തിൻ്റെ പുനരുപയോഗം സാധ്യമാകുന്ന രീതിയിൽ പൈപ്പും മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്. വലിയ രണ്ട് ഫാൻ ഉപയോഗിച്ച് മുറിയിലെ കാർബൺഡൈ ഓക്സൈഡിനെ പുറം തള്ളും. ഫാൻ ആൻഡ് പാഡ് കൂളിങ് സിസ്റ്റം സ്ഥാപിച്ചതോടെ മുറിക്കുള്ളിൽ എത് സാഹചര്യത്തിലും 26നും 28നും ഇടയിൽ താപനില നിയന്ത്രിച്ച് നിർത്താനാകും. ഈ രീതിയിൽ 500 സ്ക്വയർ ഫീറ്റിൽ 2,000 ബെഡുകളൊരുക്കി കൃഷി ചെയ്യാൻ സാധിക്കുമെന്നതിലുപരി പരിചരണത്തിന് മാനുഷിക അധ്വാനവും വളരെ കുറച്ച് മാത്രമേ ആവശ്യമായി വരുന്നുളളു.
പ്രോത്സാഹനവുമായി വീട്ടുകാരും നാട്ടുകാരും: റബർ മരത്തിൻ്റെ അറക്കപ്പൊടി അണുനശീകരണം നടത്തി പോളിത്തീൻ കവറുകളിൽ നിറച്ചാണ് ബെഡുകൾ തയ്യാറാക്കുന്നത്. കെ.വി.കെയിൽ നിന്ന് വാങ്ങിയ ചിപ്പിക്കൂൺ വിത്തുകളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കെ.വി.കെ മേധാവി ജയരാജ്, കൂവോട് കൃഷി ഓഫിസർ എന്നിവർ ആവശ്യമായ ഉപദേശങ്ങൾ നൽകിയും മറ്റ് പ്രോത്സാഹനങ്ങൾ നൽകി വീട്ടുകാരും നാട്ടുകാരും കൂടെ നിൽക്കുന്നു.
ഹൈടെക് കൃഷിക്കായി ഒന്‍പത് ലക്ഷത്തോളം ചെലവായതായും ആവശ്യക്കാർക്ക് നേരിട്ടും കടകൾ വഴിയും കീഴാറ്റൂർ മഷ്റും എന്ന ബ്രാൻഡ് നാമത്തിൽ വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രാഹുലും ശിഖിലും പറഞ്ഞു. ഭാരതീയ ഗവേഷണ കൗൺസിലിൻ്റെ സാമ്പത്തിക സഹായത്തോടെ 'ആര്യ പദ്ധതി'യിൽ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തതും കൂടുതല്‍ ഗുണം ചെയ്‌തതായി രാഹുലും ശിഖിലും പറയുന്നു.