കണ്ണൂര്‍: ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയില്‍ ഭീതിപരത്തി മലവെള്ളപ്പാച്ചില്‍. ശനിയാഴ്‌ച രാത്രി 8:30-ഓടെയാണ് പ്രദേശത്ത് മലവെള്ളപ്പാച്ചിലുണ്ടായത്. ഉരുള്‍പ്പൊട്ടിയതാണെന്നാണ് സംശയം.
കഴിഞ്ഞ ദിവസം ഉച്ച മുതല്‍ രാത്രി വരെ പ്രദേശത്ത് കനത്ത മഴ പെയ്‌തിരുന്നു. ജോസ്‌ഗിരി, മരുതുംതട്ട് ഭാഗത്ത് നിന്നുള്ള വെള്ളം കപ്പാലം ഭാഗത്ത് എത്തുകയും കലുങ്കിന് മുകളിലൂടെ റോഡിലേക്ക് ഒഴുകുകയുമായിരുന്നു. പൂട്ടിക്കിടക്കുന്ന രാജഗിരി ക്വാറിയിൽ നിന്നും ശക്തമായ വെള്ളമൊഴുക്കുണ്ടായി.
കുത്തിയൊലിച്ചുവന്ന മണ്ണും കല്ലും നിരവധി വീടുകള്‍ക്കും നാശനഷ്‌ടമുണ്ടാക്കി. രാജഗിരി-കാനംവയല്‍ റോഡിന്‍റെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്നു. രാജഗിരി- ജോസ് ഗിരി റോഡിലും നാശമുണ്ടായി.
മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെയാണ് റോഡിലെ കല്ലും, മണ്ണും നീക്കം ചെയ്‌തത്. ചെളി നിറഞ്ഞ് പ്രദേശത്തെ കിണറുകളും ഉപയോഗശൂന്യമായിട്ടുണ്ട്. മേഖലയില്‍ മഴതുടരുന്ന സാഹചര്യത്തില്‍ ഭീതിയോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്.