കണ്ണൂർ: ജില്ലയില്‍ കൊറോണ വൈറസ് ബാധ സംശയിച്ച് പരിശോധനക്കയച്ച 11 സാമ്പിളുകളില്‍ അഞ്ചെണ്ണത്തിന്റെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. നേരത്തേ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിയെ വിട്ടയച്ചിരുന്നു. ഇതോടെ ആറു പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.
പുതുതായി 21 പേരെ കൂടി ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. രോഗലക്ഷണങ്ങളോടെ ഒരാളെ തലശേരി സർക്കാർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ഗവൺമെന്‍റ് മെഡിക്കല്‍ കോളജിലും തലശേരി സർക്കാർ ജനറല്‍ ആശുപത്രിയിലുമായി ആകെ നാല് പേരാണ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. 268 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആകെ 272 പേരാണ് വീടുകളിലും ആശുപത്രികളിലുമായി ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.