കണ്ണൂർ: സ്ഥാനാർഥി നിർണയത്തിൽ തെറ്റ് പറ്റിയിട്ടുണ്ടെന്നു തുറന്നു സമ്മതിച്ചു കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ. സുധാകരൻ. ഇതിന് കാരണം കേരള നേതൃത്വത്തിന്‍റെ നിലപാടാണെന്നും ഇരിക്കൂറിലെ സ്ഥാനാർഥിയെ കേന്ദ്രം തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു.
ഗ്രൂപ്പ് നേതാക്കന്മാർ ഗ്രൂപ്പ് അണികൾക്ക് വേണ്ടി വാശിപിടിച്ചതാണ് എല്ലാ ജില്ലയിലും പ്രശ്നത്തിന് കാരണമായത്. നേതാക്കന്മാരിൽ പലരും ശരിയായ വഴിയിൽ അല്ല ഇടപെടുന്നത്. ജയസാധ്യതയ്ക്കപ്പുറം ഗ്രൂപ്പ് താൽപ്പര്യം പലരും കാണിച്ചു. മാനദണ്ഡം വച്ചല്ല സ്ഥാനാർഥികളെ തീരുമാനിച്ചതെന്നും സുധാകരൻ ആക്ഷേപിച്ചു. സ്ക്രീനിങ് കമ്മിറ്റിയിൽ താൻ ഉന്നയിച്ച ഭൂരിപക്ഷം കാര്യങ്ങളും അംഗീകരിച്ചില്ലെന്നും പ്രശ്നം തീർക്കാൻ സാധിച്ചില്ലെങ്കിൽ വിജയസാധ്യതയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂരിലെ പ്രശ്നങ്ങൾ തീർക്കാൻ കെ. സി. വേണുഗോപാലിനോട് അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ സ്ഥാനാർഥികളെ തീരുമാനിച്ചത് ഡിസിസിയോട് ആലോചിക്കാതെയാണ്. കണ്ണൂരിലെ കാര്യങ്ങൾ പോലും പരിമിതമായെ തന്നോട് ചർച്ച ചെയ്തിട്ടുള്ളൂവെന്നും സ്ഥാനാർഥികളെ തീരുമാനിക്കാൻ നേതൃത്വം നൽകിയ നേതാക്കളുടെ പോരായ്മയാണ് പ്രതിഷേധങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം മട്ടന്നൂർ മണ്ടലം ആർഎസ്പിക്ക് കൊടുത്തതിനോട് തനിക്ക് യോജിപ്പില്ലെന്നും. തനിക്ക് മാത്രമല്ല അവിടുത്തെ പ്രവർത്തകരിലും അതിന്‍റെ അമർഷമുണ്ടെന്നു സുധാകരൻ പറഞ്ഞു. കെപിസിസി നേതൃത്വത്തിന് എന്ത് തീരുമാനവും എടുക്കാമെന്ന് വരാമോ എന്നും സുധാകരൻ ചോദിച്ചു.