കണ്ണൂർ: അഴീക്കോട് പൂതപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഹോസ്റ്റലിലെ പാചകക്കാരൻ അറസ്റ്റിൽ. അഞ്ചരക്കണ്ടി പടുവിലായി സ്വദേശി വിജിത്തിനെയാണ് (35) വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് 14 വയസുള്ള കുട്ടികൾ പീഡനവിവരം പുറത്തുപറഞ്ഞത്.
തുടർന്ന് സ്‌കൂൾ കൗണ്‍സിലര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈനില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം നടത്തുകയും കുട്ടികളുടെ മൊഴിയെടുക്കുകയും ചെയ്‌തു. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ കുട്ടികളെ വശീകരിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടികളുടെ മൊഴിയിൽ പറയുന്നു.
സംഭവം പുറത്തുവന്നതോടെ പ്രതിയെ വളപട്ടണം എഎസ്‌പി വിജയ് റാവു റെഡ്ഡിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതിന്‍റെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ബാലാവകാശ കമ്മിഷൻ ഹോസ്റ്റലിൽ എത്തി പരിശോധന നടത്തി.