കണ്ണൂർ: ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങൾക്ക് സർക്കാർ എല്ലാവിധ സാധനങ്ങളും ഹോംഡെലിവറി ചെയ്യാൻ അനുമതി നൽകിയതിനെതിരെ വ്യാപാരികൾ രംഗത്ത്. സംഭവത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിക്കും നിയുക്ത എംഎൽഎയ്ക്കും വ്യാപാരികൾ പരാതി നൽകി.
കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതി മാത്രമാണ് സർക്കാർ നൽകിയത്. എന്നാൽ ഓൺലൈൻ സാധനങ്ങൾ ഹോം ഡെലിവറി ചെയ്യുന്ന ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ അവശ്യവസ്തുക്കൾ അല്ലാത്ത എല്ലാവിധ സാധനങ്ങളും വീടുകളിൽ എത്തിച്ചു വിൽപന നടത്തുന്നുണ്ട്. ഇത് മറ്റുള്ള വ്യാപാരികളോട് കാണിക്കുന്ന അനീതിയാണെന്നാണ് ആക്ഷേപം. ലോക്ക്‌ഡൗൺ മാനദണ്ഡപ്രകാരം ഓൺലൈൻ സ്ഥാപനങ്ങൾക്ക് എന്തൊക്കെ വിൽപന നടത്താം നടത്താതിരിക്കാം എന്ന രീതിയിലുള്ള യാതൊരു നിബന്ധനകളും ഉത്തരവായി സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
സർക്കാരിൽ നിന്നും സാധനങ്ങൾ ഹോം ഡെലിവറി ചെയ്യാനുള്ള ഉത്തരവും ഓൺലൈൻ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകാനാണ് തളിപ്പറമ്പിലെ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ തീരുമാനം.