കണ്ണൂര്‍: കുഞ്ഞുങ്ങൾക്ക് അമ്മയിൽ നിന്ന് മനുഷ്യസഹജമായ സുരക്ഷ നൽകുന്ന കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മൃഗമാണ് കുരങ്ങ്. ജീവന്‍റെ അവസാന തുടിപ്പ് വരെ അമ്മക്കുരങ്ങുകൾ കുട്ടിക്കുരങ്ങുകളെ സംരക്ഷിക്കുമെന്നതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ട്. എന്നാൽ ഇരിട്ടി തില്ലങ്കേരിയിൽ മരം മുറിക്കുന്നതിനിടയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടികുരങ്ങിന്‍റെ അമ്മക്കുരങ്ങ് മരിച്ചു പോയിരുന്നു.
അമ്മ കുരങ്ങ് നഷ്‌ടമായ കുട്ടിക്കുരങ്ങിനെ ഇരിട്ടിയിൽ നിന്നും കണ്ണൂർ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും അവിടുത്തെ ഉദ്യോഗസ്ഥർ മുൻകരുതൽ ഇല്ലാതെ വളർത്താൻ കഴിയില്ലെന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് തളിപ്പറമ്പ്, കൊട്ടിയൂർ ഫോറസ്‌റ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥർ ചേർന്ന് മാർക്ക് പ്രവർത്തകർക്ക് കുട്ടിക്കുരങ്ങിന്‍റെ സംരക്ഷണം കൈമാറിയത്. ഏകദേശം ഒരു മാസം പ്രായമുള്ള കുട്ടിക്കുരങ്ങ് നിലവില്‍ പൂർണ ആരോഗ്യവാനാണ്.
പാൽ, പഴം, ഓട്‌സ് എന്നിവയാണ് കുട്ടിക്കുരങ്ങിന് ഭക്ഷണമായി നൽകുന്നത്. രണ്ടു മാസത്തോളം ആവശ്യമായ സംരക്ഷണം നൽകി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കാട്ടിൽ വിടാനാണ് തീരുമാനമെന്ന് കുട്ടിക്കുരങ്ങനെ പരിപാലിക്കുന്ന മാർക്ക് പ്രവർത്തകൻ അനിൽ തൃച്ചംബരം പറഞ്ഞു. കാട്ടിൽ ഒറ്റപ്പെട്ടുപോയതും പരിക്ക് പറ്റിയതുമായ ജീവികളെ സംരക്ഷിച്ചു പോകുന്ന സംഘടനയാണ് മാർക്ക്.
ഇത്തരത്തിൽ കണ്ടെത്തുന്ന പക്ഷികളെയോ മൃഗങ്ങളെയോ സംരക്ഷിച്ചു അതിന്‍റെ ആവാസ വ്യവസ്ഥയോട് ഇണങ്ങും വിധം ഭക്ഷണം നൽകിയാണ് ഇവർ പ്രതിസന്ധി ഘട്ടത്തെ അതിജീവിപ്പിക്കുന്നത്. മനുഷ്യനുമായി ഇടപഴകാത്ത രീതിയിൽ വളർത്തിയാണ് പിന്നീട് വനത്തിലേക്ക് തുറന്നു വിടുക. കുട്ടി കുരങ്ങിന്‍റെ കാര്യത്തിലും ഇത്തരത്തിൽ തന്നെയാണ് എന്ന് അനിൽ തൃചംബരം പറയുന്നു.
ഏറ്റവും വേഗത്തിൽ മെരുങ്ങുന്ന ജീവിയാണ് കുരങ്ങ്. അതുകൊണ്ടുതന്നെ കരുതൽ നൽകുന്നതും ഇടപഴകുന്നതും വലിയ അകലത്തിൽ വേണം. മനുഷ്യരുമായുള്ള സമ്പർക്കം കുറച്ചുകൊണ്ട് ഭക്ഷണം നൽകിക്കൊണ്ട് വളർച്ചയുടെ ഓരോഘട്ടത്തിലും വിടവ് നൽകി കൊണ്ടാണ് വളർത്തിയെടുക്കുക. എന്നാൽ, മാത്രമേ പിന്നീട് കാട്ടിൽ ഇവയ്ക്ക് സുഖമായി ജീവിക്കാൻ കഴിയൂ.