കണ്ണൂര്‍: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ചെറുസംഘത്തിന് നേരെ മാവോയിസ്‌റ്റുകളുടെ ആക്രമണം. കണ്ണൂരിലെ ആറളം വന്യജീവി സങ്കേതത്തിന് കീഴിലുള്ള പ്രദേശത്ത് വച്ചാണ് മാവോയിസ്‌റ്റുകള്‍ വെടിവയ്‌പ്പ് നടത്തിയത്. ഉദ്യോഗസ്ഥ സംഘത്തെ കണ്ട മാവോയിസ്‌റ്റുകള്‍ ഓടിയടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവം ഇങ്ങനെ: തിങ്കളാഴ്‌ച (30.10.2023) രാവിലെ 11 മണിയോടെയാണ് മാവോയിസ്‌റ്റ് അക്രമം ഉണ്ടായതെന്നാണ് കരുതുന്നത്. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ ചാവച്ചിയിൽ വച്ചാണ് വെടിവയ്‌പ്പ് നടന്നതെന്നാണ് വിവരം. വനത്തിൽ പരിശോധനയ്‌ക്കെത്തിയ വനപാലക സംഘത്തിനും വാച്ചർമാർക്കും നേരെയാണ് വെടിവയ്‌പ്പുണ്ടായത്. മാവോയിസ്‌റ്റ് സംഘം വെടിയുതിർത്തതിനെ തുടർന്ന് ഓടുന്നതിനിടയിൽ വനപാലകർക്ക് പരിക്കേറ്റു. എന്നാല്‍ വെടിവയ്‌പ്പിൽ ആർക്കും പരിക്കില്ല.
തലവേദനയായി മാവോയിസ്‌റ്റ് സാന്നിധ്യം: കഴിഞ്ഞ ആറ് മാസമായി ഇരിട്ടി ആറളം മേഖലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം ശക്തമാണ്. മൂന്ന് സ്ത്രീകളടങ്ങുന്ന 11 അംഗ സംഘത്തിന്‍റെ നേതൃത്വത്തിൽ സിപിഐ മാവോവാദി കമ്പനി ഏരിയ സമിതി എന്ന് എഴുതിയ പോസ്‌റ്ററുകളുമായി ഇവര്‍ പലപ്പോളും ഇവിടെ ഏത്താറുണ്ടെന്നാണ് വിവരം. ആറളം ഫാം തൊഴിലാളികൾ അടിമകളല്ല, ഉടമകളാണെന്നും ആറളം ഫാം തൊഴിൽ ഒത്തുതീർപ്പ് ട്രേഡ് യൂണിയൻ വഞ്ചകരെ തിരിച്ചറിയുക എന്നിവയാണ് പോസ്‌റ്ററുകളിൽ എഴുതുന്ന പ്രധാന വാചകം.
പലപ്പോഴും പ്രദേശത്തെ കടയിൽ എത്തുന്ന ഇവർ സാധനങ്ങൾ വാങ്ങി തിരിച്ചു പോവാറുമുണ്ടെന്ന് നാട്ടുകാരും സാക്ഷ്യപെടുത്തുന്നു. കേരള വനത്തിൽ നിന്നാണ് ഇവർ ഇവിടെയെത്തിയത്. വിയറ്റ്നാമിലെ വീടുകളിൽ മുൻപും സംഘം നിരവധി തവണ എത്തിയിട്ടുണ്ട്.
കണ്ണൂർ അയ്യൻകുന്നിലും മാവോയിസ്‌റ്റ് സംഘം കഴിഞ്ഞ അഞ്ച് മാസത്തിനിടെ എത്തിയിരുന്നു. അയ്യങ്കുന്ന് പഞ്ചായത്തിലെ വളന്തോട് ആയിരുന്നു അന്ന് അഞ്ചംഗ മാവോയിസ്‌റ്റ് സംഘം എത്തിയത്. വൈകിട്ട് ആറ് മണിയോടെ മാവോയിസ്‌റ്റ് നേതാവായ സിപി മൊയിദീനും ഒരു സ്ത്രീയും അടങ്ങിയ ആയുധധാരികളുള്‍പ്പെട്ട സംഘമാണ് ടൗണിൽ എത്തിയത്. സിപിഐ മാവോയിസ്‌റ്റ്, കബനി ദളം എന്ന പേരിൽ ഇവർ പോസ്‌റ്റർ പതിക്കുകയും ചെയ്‌തിരുന്നു.
റിലയൻസ്, വാൾ മാർട് കുത്തക പ്രസ്ഥാനങ്ങളെ കടന്നാക്രമിക്കുക എന്ന വാചകങ്ങളാണ് പോസ്‌റ്ററിലുണ്ടായിരുന്നത്. തണ്ടർബോൾട്ട് അംഗങ്ങൾ അടങ്ങുന്ന പൊലീസ് സംഘം ഈ മേഖലയിൽ പരിശോധന നടത്തിയെങ്കിലും ഇവരെക്കുറിച്ചും മറ്റു വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തിങ്കളാഴ്‌ച നടന്ന വെടിവയ്‌പ്പിനെ തുടർന്ന് പ്രദേശത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.