കണ്ണൂർ: ചെത്തു തൊഴിലാളിയായ മനോഹരൻ വർഷങ്ങളായി പച്ചക്കറി കൃഷിയിൽ സജീവം ആണ്. ഇത്തവണ അതിൽ ഒരു മാറ്റം വരുത്തി. ഓണത്തിന് ആവശ്യമായ പച്ചക്കറിയോടൊപ്പം പൂ കൃഷിക്കും മനോഹരൻ തുടക്കമിട്ടു.
സ്വന്തമായി തന്നെ കൃഷി ചെയ്‌തെടുക്കുക എന്ന ലക്ഷ്യത്തിനോടൊപ്പം മറ്റൊരു പരീക്ഷണത്തിനാണ് മനോഹരൻ ഇതിലൂടെ ശ്രമിച്ചത്. ചെണ്ടുമല്ലി ചെടികളെ കൂടി കൃഷി തോട്ടത്തിൽ ഉൾപ്പെടുത്തി. കീട പ്രാണികളിൽ നിന്ന് പച്ചക്കറികളെ രക്ഷിക്കാൻ ഈ മാർഗം സാധിക്കുമെന്ന സ്വന്തം അറിവാണ് കൃഷിയിടത്തിൽ നടപ്പിലാക്കി ഇതിലൂടെ മനോഹരൻ വിജയം കണ്ടെതിയത്.
വെണ്ട, പയർ, ചേന, ചേമ്പ്, കക്കിരി, വെള്ളരി, പാവൽ തുടങ്ങി വിവിധയിനം പച്ചക്കറികളും ഹൈബ്രിഡ് ഇനത്തിൽ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള 200 ചെണ്ടുമല്ലിത്തൈകളാണ് നട്ടത്. ഇവയിൽ ഇരുപതോളം തൈകൾ ചീഞ്ഞു പോയി. ബാക്കിയുള്ളവ നിറയെ പൂക്കൾ വിരിഞ്ഞിരിക്കുകയാണ്.
കാലാവസ്ഥ വ്യതിയാനം കാരണമുള്ള പ്രതികൂല സാഹചര്യം അതിജീവിച്ചാണ് പച്ചക്കറികളും ചെണ്ടുമല്ലിയും കൃഷി ചെയ്‌തത്. 10 സെൻ്റിലാണ് കൃഷി നടത്തുന്നത്. മികച്ച വിളവ് ലഭിച്ചതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അടുത്ത തവണ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് മനോഹരന്‍റെ ഒരുക്കം.