കണ്ണൂര്‍ : മാനസ കൊലക്കേസിൽ പ്രതി രഖിലിന്‍റെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ സ്വദേശി ആദിത്യനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പിനായി ബിഹാലിലേക്ക് കൊണ്ടുപോയി. രഖിൽ ബിഹാറിലെ മുൻഗറിലെത്തിയായിരുന്നു സോനു കുമാർ മോദിയിൽ നിന്ന് തോക്ക് വാങ്ങിയത്. ഈ സമയത്ത് രഖിലിനൊപ്പം സുഹൃത്ത് ആദിത്യനുമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
മാനസ കൊലക്കേസിൽ പ്രതി രഖിലിന് കേരളത്തിൽ നിന്ന് മാറ്റാരുടെയും സഹായം കിട്ടിയില്ലന്നാണ് കരുതിയിരുന്നത്. ആദിത്യന്‍റെ അറസ്റ്റോടെ മാനസ കൊലക്കേസിൽ നിർണായകമായ പുരോഗതിയാണുണ്ടായത്. തോക്ക് നൽകിയ സോനു കുമാറിനെയും ഇടനിലക്കാരൻ മനേഷിനെയും കോതമംഗലം പൊലീസ് നേരത്തെ ബിഹാറിലെത്തി അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ജൂലൈ മുപ്പതിന് വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിയായ മാനസയെ തലശ്ശേരി സ്വദേശി രഖിൽ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു. കോതമംഗലത്ത് ഡെന്‍റല്‍ കോളജിന് സമീപം മാനസ താമസിച്ചിരുന്ന വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് രഖിൽ വെടിവച്ചത്.
also read: 'മകളെ' കാണാന്‍ ജില്ലാ കലക്ടര്‍ വീണ്ടുമെത്തി; ക്ഷേമാന്വേഷണം നടത്തി മടക്കം
സുഹൃത്തുക്കളോടൊപ്പം താമസസ്ഥലത്ത് ഭക്ഷണം കഴിക്കുകയായിരുന്ന മാനസയെ തൊട്ടടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊല നടത്തിയത്. നേരത്തെ പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് വേർപിരിഞ്ഞിരുന്നു.
ഇതിന് ശേഷവും ശല്യം ചെയ്‌തതോടെ രഖിലിനെതിരെ മാനസ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.