കണ്ണൂർ: ധർമ്മടത്ത് കെ.സുധാകരൻ മത്സരിച്ചാൽ താൻ മുന്നണി പോരാളിയാകുമെന്ന് കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം മമ്പറം ദിവാകരൻ. ധർമ്മടത്ത് കെ.സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ ഹൈക്കമാൻ്റ് ആവശ്യപ്പെട്ടാൽ താൻ മത്സരിക്കാമെന്നും ദിവാകരൻ തലശ്ശേരിയിൽ പറഞ്ഞു. ജില്ലയിലെ കോൺഗ്രസിൽ വിരുദ്ധ ധ്രുവങ്ങളിലായി നിൽക്കുന്നവരാണ് കെ.സുധാകരനും മമ്പറം ദിവാകരനും. അടുത്തിടെ നടന്ന പാർട്ടി യോഗത്തിൽ അടക്കം ഇവർ നേർക്ക് നേർ കൊമ്പുകോർത്തിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് കെ.സുധാകരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോൺഗ്രസ് പ്രവർത്തകർ സോണിയ ഗാന്ധിക്ക് ഇ-മെയിൽ സന്ദേശം അയച്ച പശ്ചാത്തലത്തിലാണ് ദിവാകരന്‍റെ പ്രസ്‌താവനയെന്നതും ശ്രദ്ധേയമാണ്. ദിവാകരന്‍റെ പ്രസ്‌താവന മുഖ്യമന്ത്രിക്കെതിരെ മൽസരിക്കാനുള്ള ചങ്കൂറ്റം സുധാകരനുണ്ടോ എന്ന വെല്ലുവിളിയായും വിലയിരുത്തപ്പെടുന്നുണ്ട്. താൻ മത്സരിക്കാൻ തയ്യാറാണെന്ന ദിവാകരന്‍റെ പ്രസ്‌താവന കൂടി ചേർത്ത് വായിക്കുമ്പോഴാണ് ഈയൊരു വിലയിരുത്തൽ. നേമത്ത് മത്സരിക്കാൻ കെ.മുരളീധരൻ തയാറായിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് കെ.സുധാകരന് ധർമ്മടത്ത് മത്സരിച്ചുകൂട എന്ന ചോദ്യവും കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഉയർന്നിട്ടുണ്ട്.