കണ്ണൂർ: വയോധികനെ മര്‍ദിച്ച സംഭവത്തില്‍ മലയാളി യുവാവ് ഇസ്രയേല്‍ ജയിലില്‍. പിണറായി എരുവട്ടി പാറമ്മൽ വീട്ടിൽ ദിപിനാണ് (24) ജയിലിൽ കഴിയുന്നത്. യുവാവ് കേസിന് ആസ്‌പദമായ കുറ്റം ചെയ്യുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു.
ആറ് മാസം മുൻപാണ് ദിപിൻ, വയോധികനെ പരിചരിക്കാന്‍ ഇസ്രയേലില്‍ എത്തുന്നത്. പരിചരണത്തിൽ കഴിഞ്ഞ രോഗിയെ മർദിച്ച് പരിക്കേൽപ്പിച്ചു എന്നാണ് ദിപിന്‍റെ പേരിൽ ചുമത്തിയ കുറ്റം. മർദനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം ഇസ്രയേല്‍ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതോടെയാണ് നടപടിയുണ്ടായത്.
ദിപിൻ കഴിഞ്ഞ ജൂൺ ഒൻപതിനാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ, ജോലി തരപ്പെടുത്തി നൽകിയ ഏജൻസി വഴിയും മറ്റും കുടുംബം അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നാലെ, ഇസ്രയേലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് യുവാവ് ജയിലില്‍ ആണെന്ന വിവരം കുടുംബം അറിഞ്ഞത്.
രോഗീപരിചരണത്തിന് പുറമേ മറ്റ് ജോലി കൂടി ചെയ്യാൻ വയോധികന്‍റെ മകൾ നിർബന്ധിച്ചപ്പോൾ മറുത്ത് പറഞ്ഞതിന്‍റെ പ്രതികാരമായിട്ടാണ് കേസെന്ന് ദിപിന്‍റെ കുടുംബം ആരോപിച്ചു. എന്നാൽ, വയോധികന്‍റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതിനെ തുടര്‍ന്ന് മകൾ വീട്ടിലെ സി.സി.ടി.വി പരിശോധിച്ചു. ഇതില്‍ മര്‍ദനം വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം ഇസ്രയേല്‍ മാധ്യമങ്ങള്‍ സംഭവം വന്‍ വാര്‍ത്തയാക്കിയിരുന്നു.