കണ്ണൂര്‍: വിസ്‌മയ കാഴ്‌ചയായി ആയിരത്തിലേറെ മങ്കമാര്‍ അണിനിരന്ന മെഗാ തിരുവാതിര. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹിള കോണ്‍ഗ്രസ് കമ്മിറ്റിയാണ് പരിപാടി ഒരുക്കിയത്. പാനൂര്‍ ഗുരുസന്നിധി മൈതാനത്ത് ആയിരത്തോളം വനിതകള്‍ നൃത്തച്ചുവടുകള്‍ വച്ചത് കാണികളെ ആവേശം കൊള്ളിച്ചു.
കോൺഗ്രസ് സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ച് 29-ാം തീയ്യതി പാനൂരില്‍ സംഘടിപ്പിക്കുന്ന ദൃശ്യ വിസ്‌മയ യാത്രയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ദേശഭക്തി ഗാനമായ വന്ദേമാതരത്തോടെയാണ് തിരുവാതിരക്കളി ആരംഭിച്ചത്. തുടര്‍ന്ന് മറ്റ് ദേശഭക്തി ഗാനങ്ങളും, ഇന്ദിരാഗാന്ധിയേയും രാജീവ് ഗാന്ധിയേയും സ്‌മക്കുന്ന ഗാനങ്ങളും കളിയില്‍ അകമ്പടിയായി.
പത്ത് വയസു മുതല്‍ എണ്‍പത് വയസു വരെയുള്ള സ്ത്രീകള്‍ തിരുവാതിര കളിയില്‍ അണിനിരന്നത് കാണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. പച്ച ബ്ലൗസും ത്രിവര്‍ണ്ണ പൊട്ടുകളുള്ള സാരിയുമായിരുന്നു തിരുവാതിര കളിയിലെ വേഷം.
കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ചടങ്ങ് ഉത്ഘാടനം ചെയ്‌തു. മാഹി എംഎല്‍എ രമേഷ് പറമ്പത്ത് മുഖ്യാതിഥിയായി. കെപിസിസി അംഗം വി സുരേന്ദ്രന്‍ മാസ്‌റ്റര്‍, ഡിസിസി സെക്രട്ടറി കെപി സാജു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെപി ഹാഷിം, മഹിളാ കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് ശ്രീജ മഠത്തില്‍, ജവഹര്‍ ബാലജനവേദി ജില്ല കോഡിനേറ്റര്‍, സി വി എ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.